കര്‍ണാടകയില്‍ സുരക്ഷയൊരുക്കാന്‍ കേരളാ പോലീസും
ബംഗളൂരു: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി നീലാമണി രാജു പറഞ്ഞു. ക്രമസമാധാനനില പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും അവര്‍ അറിയിച്ചു. കര്‍ണാടകയില്‍ സുരക്ഷയൊരുക്കാന്‍ കേരളാ പോലീസുമുണ്ട്.
കേരള ആംഡ് പോലീസ് (കെ.എ.പി.) രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍. ആദിത്യയുടെ നേതൃത്വത്തില്‍ 722 പേരും കെ.എ.പി. നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദറിന്‍റെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസില്‍നിന്ന് 750 പേരുമാണ് കേരളത്തില്‍നിന്ന് എത്തിയിട്ടുള്ളത്. മാണ്ഡ്യ, മൈസൂരു, ചാമരാജനഗര്‍, ദക്ഷിണ കന്നഡ, ഹാസന്‍ ജില്ലകളിലെ സുരക്ഷാചുമതലയാണ് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘത്തിന് നല്‍കിയിരിക്കുന്നത്.
സംസ്ഥാന പോലീസും കേന്ദ്രസേനയും സുരക്ഷയൊരുക്കുന്നതോടൊപ്പം കേരളാ പോലീസും സുരക്ഷയൊരുക്കുന്നുണ്ട്. കേന്ദ്രസേനയുടെ 585 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക പോലീസിന്‍റെ 82,157 അംഗങ്ങളെയും 22,000 ഹോം ഗാര്‍ഡുകളെയുമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. 12,000 പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന സുരക്ഷയൊരുക്കും. ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള സംസ്ഥാന പോലീസും ഇവിടെയുണ്ടാകും.
ബംഗളൂരുവില്‍ സി.ആര്‍.പി.എഫിന്‍റെ 45 കമ്പനികളും കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസിന്‍റെ (കെ.എസ്.ആര്‍.പി.) 52 പ്ലാറ്റൂണുകളും ദ്രുതകര്‍മസേനയുടെ ഒരു കമ്പനിയും നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഒ.പി. റാവത്ത് സംതൃപ്തി പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതുവരെ വലിയ സംഘര്‍ഷങ്ങളും വര്‍ഗീയലഹളകളും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് 117 ചെറിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 1229 പെരുമാറ്റച്ചട്ട ലംഘനക്കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പോലീസും തിരഞ്ഞെടുപ്പുകമ്മിഷനും ആദ്യമായി യോഗംചേര്‍ന്നത് ജനുവരി 17-നായിരുന്നു.