കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രിയുടെ റാലി തരംഗം
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂട് രാജ്യ തലസ്ഥാനത്തും എത്തിക്കൊണ്ടിരിക്കുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ അനുയായികള്‍ക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി എത്തുന്നു. 5 ദിവസങ്ങളിലായി 15 റാലികളില്‍ അദ്ദേഹം പങ്കെടുക്കും.
മെയ് 1 മുതല്‍ മെയ് 8 വരെയായിരിക്കും പ്രധാനമന്ത്രിയുടെ കര്‍ണാടക സന്ദര്‍ശനം. മെയ് 1ന് 3 റാലികളിലാണ് അദ്ദേഹം പങ്കെടുക്കുക. ചാമരാജ്‌നഗര്‍, ഉഡുപ്പി, ബെലഗവി എന്നിവിടങ്ങളിലാണ് ഇവ. പിന്നീട് മെയ് 3ന് അദ്ദേഹം അനുയായികളെ അഭിസംബോധന ചെയ്യും. ഗുല്‍ബര്‍ഗ, ബല്ലാരി, ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും റാലി നടക്കുക.
പിന്നീട് മെയ് 5 ന് തുംകുര്‍, ശിവമോഗ, ഹുബ്ബാലി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന മോദി മെയ് 7ന് റായ്ച്ചൂര്‍, ചിത്രദുര്‍ഗ, കോളാര്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. വിജയപുര, മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ മെയ് 8നാണ് മോദി എത്തുക.
സംസ്ഥാനത്ത് തെരഞ്ഞടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രികൂടി എത്തിയാല്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റ൦ നേടാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍.
ദക്ഷിണേന്ത്യയില്‍ വിജയം നേടുക എന്ന ലക്ഷ്യം കൈവരിക്കാന്‍ മോദിയോടൊപ്പം കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ് എന്നിവരും സംസ്ഥാനത്തെത്തും. കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവീസും റാലികളില്‍ പങ്കെടുക്കും.