ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണരംഗവും ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മൂന്നു പാര്‍ട്ടികളും ശക്തമായ പ്രചാരണത്തിലാണ്. എങ്കിലും ഏറ്റവും ശ്രദ്ധേയമായത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോരാണ് എന്നത് വാസ്തവം തന്നെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ഇന്ന് കര്‍ണാടകയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കും. ഇരുവരും മൂന്ന് വീതം തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.


കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കര്‍ണാടകയില്‍ നടത്തിയ റാലിയില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ വെല്ലുവിളിയ്ക്കുള്ള മറുപടിയാണ് ഇന്ന് ജനങ്ങള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 
കര്‍ണാടക സര്‍ക്കാരി​ന്‍റെ ഭരണ നേട്ടങ്ങളെക്കുറിച്ച്‌ പതിനഞ്ച് മിനിറ്റ് സംസാരിക്കാനായിരുന്നു നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയ വെല്ലുവിളി. അതിന് രാഷ്ട്ര പിതാവിന്‍റെ പേര് 15 തവണ തെറ്റാതെ ഉച്ചരിക്കാമോ എന്ന് തിരിച്ച്‌ ചോദിച്ച്‌ രാഹുല്‍ ഗാന്ധി ട്വിറ്റര്‍ വഴി മറുപടി നല്‍കിയിരുന്നു. എങ്കിലും, നേരിട്ട് രാഹുല്‍ ഗാന്ധി എന്ത് പറയുമെന്ന് കേള്‍ക്കാനുള്ള ആകാംക്ഷയിലാണ് പൊതുജനം.


ബംഗളൂരുവിലും കല്‍ബുര്‍ഗിയിലും ബല്ലാരിയിലുമാണ് മോദിയുടെ പരിപാടികള്‍. മുഖ്യമന്ത്രി സിദ്ധാരാമയ്യ പങ്കെടുക്കുന്ന റാലികളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കുക.


തെരഞ്ഞെടുപ്പിന്​ വെറും 9 ദിവസം മാത്രം ശേഷിക്കെ മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വരവ്​ പ്രചാരണ രംഗത്ത് ഇരുപാര്‍ട്ടികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്തായാലും ഇരു നേതാക്കളുടെയും വരവ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുപ്പിക്കും.