സിദ്ധരാമയ്യയുടെ മകനെതിരെ യെദ്യൂരപ്പയുടെ മകന്‍ മത്സരിക്കില്ല; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്
`ഇക്കാര്യത്തില്‍ ഞാന്‍ അസന്തുഷ്ടനല്ല, മകന്‍ വരുണയില്‍ മത്സരിക്കുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു...` യെദ്യൂരപ്പ പറഞ്ഞു.
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഏഴ് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള പുതിയ പട്ടികയില്‍ ബി. എസ് യെദ്യൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്രയുടെ പേരില്ല. ഇതോടെ വരുണ മണ്ഡലത്തില്‍ പ്രതീക്ഷിച്ച കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കാനിടയില്ലെന്ന് വ്യക്തമായി.
രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന സിദ്ധരാമയ്യയുടെ മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യയാണ് വരുണയില്‍ ഇത്തവണ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നത്. ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ യെദ്യൂരപ്പയുടെ മകന്‍ ബി. വൈ വിജയേന്ദ്ര വരുണയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ തന്‍റെ മകന്‍ വിജയേന്ദ്ര മത്സരിക്കുന്നില്ലെന്ന് യെദ്യൂരപ്പ അറിയിച്ചു. 'ഇക്കാര്യത്തില്‍ ഞാന്‍ അസന്തുഷ്ടനല്ല, മകന്‍ വരുണയില്‍ മത്സരിക്കുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു...' യെദ്യൂരപ്പ പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ മണ്ഡലങ്ങളില്‍ വിജയേന്ദ്ര പ്രചാരണത്തിനിറങ്ങുമെന്നും യെദ്യൂരപ്പ സൂചിപ്പിച്ചു. വരുണയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ വച്ച് മത്സരിച്ചാലും ജയം ബിജെപിയ്ക്ക് തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിജയേന്ദ്ര വരുണയില്‍ മത്സരിക്കാനില്ലെന്നറിഞ്ഞതോടെ ബിജെപി പ്രവര്‍ത്തകര്‍ രോഷാകുലരായി. മൈസൂരിലും ബംഗളൂരിലും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.