ഏകാംഗ സർക്കാരിന്റെ ഭാവി ഇന്നറിയാം; ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ പരിശോധിക്കും
കർണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം അധികാരത്തിലേറിയ യെദ്യൂരപ്പയുടെ ഏകാംഗ സർക്കാരിന്റെ ആയുസ്സ് സുപ്രീംകോടതി ഇന്നു തീരുമാനിക്കും.
ന്യൂഡൽഹി: കർണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം അധികാരത്തിലേറിയ യെദ്യൂരപ്പയുടെ ഏകാംഗ സർക്കാരിന്റെ ആയുസ്സ് സുപ്രീംകോടതി ഇന്നു തീരുമാനിക്കും.
ബി.എസ്. യെദ്യൂരപ്പ സർക്കാരിനെതിരെ കോൺഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി എന്തുനിലപാട് എടുക്കുമെന്നാണ് ഇന്ന് രാജ്യം ഉറ്റുനോക്കുന്നത്.
കൂടാതെ മന്ത്രിസഭ ഉണ്ടാക്കാൻ അവകാശവാദമുന്നയിച്ചു യെദ്യൂരപ്പ 15നും 16നും ഗവർണർക്ക് നല്‍കിയ കത്തുകളും രാവിലെ 10.30ന് കോടതി പരിശോധിക്കും. യെദ്യൂരരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ വിളിച്ചതു ശരിയോ എന്ന് അതിനുശേഷം സുപ്രീം കോടതി തീരുമാനിക്കും.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുവദിച്ചത്.
കത്തുകൾ അറ്റോർണി ജനറലോ യെദ്ദ്യുരപ്പയോ ആണു ഹാജരാക്കേണ്ടത്. ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമല്ലെന്ന് തെളിഞ്ഞാല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതി റദ്ദാക്കിയേക്കാം.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന യെദ്യൂരപ്പയുടെ വാദം അംഗീകരിച്ചാലും 15 ദിവസം എന്ന ഗവര്‍ണര്‍ നൽകിയ സമയം സുപ്രീംകോടതിയ്ക്ക് വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.
കാര്‍ഷിക കടം എഴുതിത്തള്ളൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നാമനിര്‍ദ്ദേശം തുടങ്ങി യെദ്യൂരപ്പ കൈക്കൊണ്ട തീരുമാനങ്ങൾ നിലനിൽക്കുമോയെന്നും കോടതി വ്യക്തമാക്കും.
കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി രാം ജത്മലാനി നല്‍കിയ ഹരിജിയും ഇന്ന് കോടതി പരിഗണിക്കും.
നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോണ്‍ഗ്രസ്, ജനതാദള്‍-എസ് എം.എല്‍.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഈ നീക്കത്തിന് തടയിടാനാണ് കോണ്‍ഗ്രസ് - ജെഡിഎസ് ശ്രമം.