കത്വ പീഡനം: രാജ്യമൊട്ടാകെ കത്തുന്ന പ്രതിഷേധം
ദേശീയ പതാകയും കൈയ്യിലേന്തി ജയ് ശ്രീറാം വിളികളുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി മന്ത്രിമാര്‍ ഉള്‍പ്പടെ പ്രതികള്‍ക്കായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഇരമ്പുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും ശക്തമായ ഭാഷയിലൂടെ കൊലപാതകത്തെ അപലപിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും സാംസ്കാരിക സാമൂഹിക രംഗത്തുള്ളവരും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയാണിതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാഹുല്‍ സൂചിപ്പിച്ചു.
'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണും അമര്‍ഷവുമായി രംഗത്തെത്തി. കൊല്ലപ്പെട്ട കുഞ്ഞിന് നീതി ലഭിക്കാന്‍ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സാമുവല്‍ പറഞ്ഞു. ഇത്തരം ക്രൂരതകള്‍ ഇപ്പോഴും അരങ്ങേറുന്നുണ്ടെന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറ്റവാളികളെ തൂക്കിലേറ്റണമെന്നാണ് ടോവിനോ തോമസ് ആവശ്യപ്പെടുന്നത്. കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, സെവാഗ്, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ബോളിവുഡ് താരങ്ങളായ ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍, റിച്ച ചദ്ധ, സ്വര ഭാസ്കര്‍ തുടങ്ങി നിരവധിപ്പേര്‍ സംഭവത്തില്‍ ഞെട്ടലും അമര്‍ഷവും രേഖപ്പെടുത്തി.
കത്വ ജില്ലയിലെ ക്ഷേത്രത്തിനകത്തുവെച്ചാണ് അസിഫ ക്രൂര ബലാത്സംഗത്തിന് ഇരയാകുന്നത്. കേസിലെ മുഖ്യപ്രതി വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷം കുട്ടിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തി കഴുത്ത് ഞെരിച്ചും തലയില്‍ കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിയ്ക്ക് വേണ്ടിയല്ല ജമ്മുകാശ്മീരില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ദേശീയ പതാകയും കൈയ്യിലേന്തി ജയ് ശ്രീറാം വിളികളുമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി മന്ത്രിമാര്‍ ഉള്‍പ്പടെ പ്രതികള്‍ക്കായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്.