ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കില്ലെന്ന് ശശി തരൂര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്കാരമാണ് 'ആന്‍ എറാ ഓഫ് ഡാർക്ക്നസ്' എന്ന പുസ്തകത്തിലൂടെ തരൂരിന് ലഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്തെപ്പറ്റിയും അവർ എങ്ങനെയാണ് രാജ്യത്തെ ചൂഷണം ചെയ്തതെന്നുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.


പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ആളിപ്പടരുന്ന ഈ അവസരത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പലരും ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ താന്‍ അവാര്‍ഡ് നിരസിക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞാണ് തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്.


പുരസ്‌കാരം സര്‍ക്കാരിന്‍റെതല്ലെന്നും ഇത് സാഹിത്യകാരന്‍മാര്‍ തീരുമാനിച്ച അവാര്‍ഡ് ആണെന്നും അതിനാല്‍ തിരിച്ചു നല്‍കേണ്ടതില്ല എന്നുമാണ് തരൂരിന്‍റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരിച്ചു കൊടുക്കുമോ എന്ന മാധ്യമപ്രവത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂര്‍.  


മാത്രമല്ല  രണ്ടു മൂന്നു വര്‍ഷം മുന്‍പ് പല എഴുത്തുകാരും സര്‍ക്കാരിനോടുള്ള വിയോജിപ്പ് കാരണം പുരസ്‌കാരം തിരികെ നല്‍കിയപ്പോള്‍ അങ്ങനെ ചെയ്യരുതെന്ന് അവരോട് പറഞ്ഞ ആളാണ് താനെന്നും അതുകൊണ്ടുതന്നെ എന്‍റെ കാര്യത്തില്‍ പുരസ്‌കാരം തിരികെ നല്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.


സാഹിത്യ അക്കാദമി പുരസ്‌കാരത്തെ സാഹിത്യപരമായ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നതെന്ന്‍ വ്യക്തമാക്കിയ തരൂര്‍ സര്‍ക്കാരിന് അതില്‍ കാര്യമില്ലെന്നും പുരസ്‌കാരങ്ങളെ ബഹുമാനിക്കുന്ന സാഹിത്യ സമൂഹമാണ് നമ്മുടേതെന്നും പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരം നിരസിച്ച് നിരവധി എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പുരസ്കാരം ലഭിച്ച നോവലിസ്റ്റും മുന്‍ എജിപി (അസം ഗാനാ പരിഷത്) രാജ്യസഭാംഗവുമായ ജയശ്രീ ഗോസ്വാമി തന്‍റെ പുരസ്‌കാര തുക അസമില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ കുടുംബം നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.


പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സമരങ്ങള്‍ നടക്കുന്ന ഈ സമയത്താണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.