പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിമര്‍ശിച്ച് ബിജെപി എംപി
പഞ്ചാബില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരരായ സംഭവത്തില്‍ ഇരയെ കുറ്റപ്പെടുത്തി സംസാരിച്ച ബിജെപി എംപിയും അഭിനേത്രിയുമായ കിരണ്‍ ഖേറിന്റെ പ്രസ്താവന വിവാദമാകുന്നു.
ചണ്ഡീഗഡ്: പഞ്ചാബില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരരായ സംഭവത്തില്‍ ഇരയെ കുറ്റപ്പെടുത്തി സംസാരിച്ച ബിജെപി എംപിയും അഭിനേത്രിയുമായ കിരണ്‍ ഖേറിന്റെ പ്രസ്താവന വിവാദമാകുന്നു.
മൂന്ന് പുരുഷന്മാര് ഓട്ടോയില്‍ ഉണ്ടെന്നറിഞ്ഞിട്ടും പെണ്‍കുട്ടി എന്തിനാണ് അതില്‍ കയറിയത് എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ ചോദിച്ചത്.
കഴിഞ്ഞ 20ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റെനോഗ്രഫി ക്ലാസ്സിനു ശേഷം സെക്ടര്‍ 37ല്‍ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. മറ്റ് രണ്ട് യാത്രക്കാരും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച് സെക്ടര്‍ 57ല്‍ ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ട വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
അതേസമയം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി ആണ്‍കുട്ടികളെ ബോധവത്കരിക്കണം. അതോടൊപ്പം സ്വന്തം സുരക്ഷയെ കുറിച്ച് പെണ്‍കുട്ടികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും കിരണ്‍ ഖേര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് എന്തുകൊണ്ടാണ് ഒരു വനിതാ കമ്മീഷന് ഇല്ലാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരു വനിതാ എംപിയും വനിതാ മേയറും വനിതാ പോലീസ് സൂപ്രണ്ടുമുള്ള സംസ്ഥാനത്ത് എന്തിനാണ് ഒരു വനിതാ കമ്മീഷനെന്നും പരാതി ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് തന്നെ സമീപിക്കാമെന്നും കിരണ്‍ ഖേര്‍ വ്യക്തമാക്കി.