Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ
MK Stalin: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്ന കോടിയേരി ആര്‍ക്കും കീഴടങ്ങാത്ത വ്യക്തിത്വമായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു
ചെന്നൈ: പോളിറ്റ്ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയാണ് സ്റ്റാലിൻ അന്തിമോപചാരം അർപ്പിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്ന കോടിയേരി ആര്‍ക്കും കീഴടങ്ങാത്ത വ്യക്തിത്വമായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സ്റ്റാലിനൊപ്പമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ
അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചു. പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സി.പി.എമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നു.
ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള
കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിക്കുകയും അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. 1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ വിദ്യാർത്ഥി നേതാക്കളുടെ പ്രതിരോധത്തെക്കുറിച്ച് ആലോചിക്കുവാൻ കോഴിക്കോട് ചേർന്ന യോഗത്തിൽ ഞാനും കോടിയേരി ബാലകൃഷ്ണനും ഒന്നിച്ച് പങ്കെടുത്തത് ഓർമ്മയിലിപ്പോഴും പച്ചപിടിച്ചു നില്ക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ, സമാന്തര രേഖകളെപ്പോലെയാണ് ഞങ്ങളെങ്കിലും പരസ്പരം വ്യക്തിബന്ധം പുലർത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. മാനുഷിക മൂല്യങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ശൈലിക്കുടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കേരളത്തിന് പൊതുവിലും അദ്ദേഹത്തിന്റെ പാർട്ടിക്ക് പ്രത്യേകിച്ചുമുണ്ടായ നഷ്ടം നികത്താനാവാത്തതാണ്. പ്രിയ സുഹൃത്തിന്റെ വേർപാടിൽ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...