മധ്യപ്രദേശിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ ഒമ്പത് തൊഴിലാളികൾ കുടുങ്ങി; ഏഴ് പേരെ രക്ഷിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
തുരങ്കത്തിൽ കുടുങ്ങിയ ഒമ്പത് തൊഴിലാളികളിൽ ഏഴ് പേരെ രക്ഷപ്പെടുത്തി.
ഭോപ്പാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ നിർമിക്കുന്ന തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങി. സ്ലീമനാബാദിൽ നർമ്മദാ താഴ്‌വര പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. തുരങ്കത്തിൽ കുടുങ്ങിയ ഒമ്പത് തൊഴിലാളികളിൽ ഏഴ് പേരെ രക്ഷപ്പെടുത്തി.
രണ്ട് പേർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെയാണ് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്. സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിഇആർഎഫ്) സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കട്‌നി കളക്ടർ പ്രിയങ്ക് എം പറഞ്ഞു.
മധ്യപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) രാജേഷ് രജോറ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്. ആവശ്യമായ സജ്ജീകരണങ്ങളുമായി എസ്ഡിഇആർഎഫ് സംഘം തൊഴിലാളികൾക്ക് അടുത്തെത്താൻ ശ്രമിക്കുന്നുണ്ട്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടറും എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രാജോറ പറഞ്ഞു. സംഭവത്തെക്കുറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജില്ലാ കളക്ടറുമായും പോലീസ് സൂപ്രണ്ടുമായും (എസ്പി) സംസാരിച്ചു. പരിക്കേറ്റ തൊഴിലാളികൾക്ക് ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ശിവരാജ് സിംഗ് ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...