ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെയും ബീഹാറിലെയും ഉപതെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ച്ച് 11 നാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 14 ന് വോട്ടെണ്ണല്‍ നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

5 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശില്‍ 2 ലോക്സഭാ സീറ്റിലേയ്ക്കും ബീഹാറില്‍ ഒരു ലോക്സഭാ സീറ്റിലേയ്ക്കും 2 അസ്സംബ്ലി സീറ്റിലേയ്ക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ബീഹാറില്‍ അരാരിയയാണ് ലോക്സഭാ മണ്ഡലം. ഭാബുവ, ജെഹാനാബാദ് എന്നിവ അസ്സംബ്ലി മണ്ഡലങ്ങളാണ്. 


ഉത്തർപ്രദേശിലെ ഫുൽപൂർ, ഗോരഖ്പുർ എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് ഉപതെരഞ്ഞെടുപ്പ് നേരിടുന്നത്. ഈ രണ്ടു മണ്ഡലങ്ങളിലെയും സിറ്റിംഗ് എം പി മാര്‍ ഇപ്പോള്‍ നിയമസഭയില്‍ അംഗങ്ങളാണ്. ഗോരഖ്പുർ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്‍റെ മണ്ഡലമാണ്. ഫുൽപൂർ മണ്ഡലത്തിലെ എംപി യായിരുന്നു ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ.


ഈ രണ്ടു സീറ്റിലും പൂര്‍ണ്ണ വിജയ പ്രതീക്ഷ ബിജെപിയ്ക്കുണ്ട്. പാര്‍ട്ടി ഈ രണ്ടു സീറ്റിലും വിജയിക്കുക മാത്രമല്ല ഭൂരിപക്ഷം മെച്ചപ്പെടുത്തുമെന്ന് പാര്‍ട്ടി വക്താവ് അഭിപ്രായപ്പെട്ടു.


1991 മുതല്‍ ഗോരഖ്പുർ ബിജെപിയുടെ ശക്തികേന്ദ്രമാണ്. എന്നാല്‍ ഫുൽപൂർ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസില്‍നിന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.


മാര്‍ച്ച്  11ന് നടക്കുന്ന തെരഞ്ഞെടുപ്പിലേയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20 ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 23 ആയിരിക്കും.  


കൂടാതെ എല്ലാ ഉപതെരഞ്ഞെടുപ്പിലും വിവിപാറ്റ് മെഷീനും ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.