ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തെ ഇന്ത്യ സഖ്യം വിറപ്പിച്ചതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്. നിലവില്‍ 220ല്‍ അധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ഇന്ത്യ സഖ്യത്തിന് മറ്റ് പാര്‍ട്ടികളുടെ സഹായം കൂടിയേ തീരൂ. ഈ സാഹചര്യത്തില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നവീന്‍ പട്‌നായിക്കിന്റെ ബിജെഡി, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

295ലധികം സീറ്റുകളില്‍ എന്‍ഡിഎ സഖ്യം ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാകില്ല. എങ്കിലും ജെഡിയുവും ടിഡിപിയും ഇന്ത്യ മുന്നണിയുമായി സഹകരിച്ചാല്‍ 30 സീറ്റുകള്‍ കൂടി ലഭിക്കും. നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയുടെ കണ്‍വീനറാക്കി സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ തേടുന്നതായാണ് വിവരം. അതേസമയം, സഖ്യം വിട്ട് പോകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചന്ദ്രബാബു നായിഡുവുമായി ഫോണില്‍ ബന്ധപ്പെട്ടു കഴിഞ്ഞെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 


ALSO READ: 'സർക്കാർ രൂപീകരണത്തിനുള്ള സാധ്യത നോക്കും, തൃശൂരിലെ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം; കെ സി വേണു​ഗോപാൽ


വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യവും എന്‍ഡിഎയും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. ഒരു ഘട്ടത്തില്‍ എന്‍ഡിഎയുമായി ഒപ്പത്തിനൊപ്പമെത്താന്‍ ഇന്ത്യ സഖ്യത്തിന് സാധിച്ചിരുന്നു. എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ത്യ സഖ്യം പുറത്തെടുത്തത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് 350ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍, എക്‌സിറ്റ് പോളുകളെ നിഷ്പ്രഭമാക്കി ഇന്ത്യ സഖ്യം കുതിക്കുന്ന കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ കാണാനായത്. തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വാരണാസി മണ്ഡലത്തിൽ പിന്നിലായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റോയ് തുടക്കത്തിൽ 6,000ത്തിലധികം വോട്ടുകൾക്ക് വാരണാസിയിൽ ലീഡ് ചെയ്യുന്ന സാഹചര്യം ഉണ്ടായി. അതേസമയം, വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി വൻ ലീഡാണ് നിലനിർത്തിയത്. 


2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 352 സീറ്റുകളിൽ വിജയിച്ചിരുന്നു. ഇത്തവണ 400 സീറ്റുകൾ നേടുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാൽ, കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് മറികടക്കാൻ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും ജഗൻമോഹൻ റെഡ്ഡിയെയും ഇന്ത്യ സഖ്യം ലക്ഷ്യം വെയ്ക്കുന്ന സാഹചര്യത്തിൽ എന്ത് തന്ത്രമാകും ബിജെപിയുടെ കേന്ദ്ര നേതൃത്വം സ്വീകരിക്കുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.