ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. അവസാന ഘട്ട തിരഞ്ഞെടുപ്പിന് ശേഷം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ വലിയ ആത്മവിശ്വാസം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയും പ്രകടിപ്പിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലേറിയ നരേന്ദ്ര മോദിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. 2014 ലും 2019 ലും നരേന്ദ്ര മോദി-ബിജെപി അനുകൂല തരംഗങ്ങള്‍ വളരെ പ്രകടമായിരുന്നു. അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാവുകയും ചെയ്തു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അത്തരത്തിലുള്ള തരംഗങ്ങള്‍ ഒന്നും പ്രകടമല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു സാഹചര്യത്തിലും അധികാരം പിടിക്കാനായാല്‍, അത് നരേന്ദ്ര മോദിയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ഒന്നാണ്.


2014 ലും 2019 ലും പ്രതിപക്ഷത്തിന്റെ പ്രകടനം ഏറെ പരിതാപകരമായിരുന്നു. ഒരു മത്സരത്തിന്റെ പ്രതീതി പോലും ദേശീയ തലത്തില്‍ പ്രകടമാക്കാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷ കക്ഷികള്‍ക്കോ കഴിഞ്ഞിരുന്നില്ല. 2019 ല്‍ രാഹുല്‍ ഗാന്ധി തന്റെ സ്ഥിരം തട്ടകമായിരുന്ന അമേഠിയില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിക്കാതെ പ്രതിപക്ഷ കക്ഷികള്‍ ഒരു സഖ്യമുണ്ടാക്കി എന്നത് തന്നെ ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ സഖ്യത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ ചെറുതല്ലെങ്കിലും ഒരു പൊതു എതിരാളിയെ നേരിടാനുള്ള ശ്രമം ഇത്തവണ ഉണ്ടായിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.


രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പിനോടടുത്ത ഘട്ടങ്ങളില്‍ നടത്തിയ ഇടപെടലുകളും ഇത്തവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റായ് ബറേലിയില്‍ മത്സരിക്കാനുള്ള തീരുമാനവും കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കും. ഉത്തര്‍ പ്രദേശില്‍ അധികം വാശിപിടിക്കാതെ സമാജ് വാദി പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസിനും എസ്പിയ്ക്കും ഗുണം ചെയ്‌തേക്കുമെന്ന വിലയിരുത്തലുകളുണ്ട്. ഹിന്ദി ഹൃദയഭൂമിയില്‍ ആര് നേട്ടം കൊയ്യുന്നോ, അവരായിരിക്കും രാജ്യം ഭരിക്കുക എന്നതാണ് കാലങ്ങളായിട്ടുള്ള ഒരു രീതി. അതുകൊണ്ട് തന്നെ ഉത്തര്‍ പ്രദേശ് എല്ലാ പാര്‍ട്ടികള്‍ക്കും ഏറെ നിര്‍ണായകവും ആണ്.


16 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. അതില്‍ 14 എണ്ണവും പ്രവചിക്കുന്നത് ബിജെപി അധികാരത്തില്‍ വരും എന്നാണ്. അഗ്നി ന്യൂസ് സര്‍വ്വീസിന്റേയും ഡിബി ലൈവിന്റേയും പ്രവചനങ്ങളാണ് ഇന്ത്യ മുന്നണിയ്ക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നത്. 13 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് 350 ല്‍ ഏറെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. 


ഇത്തവണ നാനൂറിന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഇതിനെ പിന്തുണയ്ക്കുന്ന രണ്ട് സര്‍വ്വേ ഫലങ്ങളാണുള്ളത്. ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രകാരം 381 മുതല്‍ 401 വരെ സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചേക്കും. ന്യൂസ് 24 - ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത് എന്‍ഡിഎയ്ക്ക് 400 മുതല്‍ 415 സീറ്റുകള്‍ വരെ ലഭിച്ചേക്കാം എന്നാണ്.


80 ലോക്‌സഭ സീറ്റുകളുള്ള ഉത്തര്‍ പ്രദേശ്, 48 സീറ്റുകളുള്ള മഹാരാഷ്ട്ര, 42 സീറ്റുകളുള്ള പശ്ചിമ ബംഗാള്‍, 40 സീറ്റുകളുള്ള ബിഹാര്‍, 39 സീറ്റുകളുള്ള തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളായിരിക്കും ഇന്ത്യ ആര് ഭരിക്കും എന്ന് പ്രധാനമായും നിശ്ചയിക്കുക. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എത്രത്തോളം കൃത്യമാണ് എന്നതും ചോദ്യമാണ്. പലപ്പോഴും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും തെറ്റായിപ്പോയ ചരിത്രവും നമുക്ക് മുന്നിലുണ്ട്. 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പല പ്രമുഖ മാധ്യമങ്ങളും നടത്തിയ പ്രവചനങ്ങള്‍ അപ്പാടെ തകര്‍ന്നുപോയതും ചരിത്രമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.