ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രണ്ടായിരം കോടി ചെലവില്‍ ലുലു മാള്‍ വരുന്നതായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി അറിയിച്ചു. യു.പി ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം.


COMMERCIAL BREAK
SCROLL TO CONTINUE READING

20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാകും യു,പിയില്‍ ഉയരുകയെന്നും അയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതാകും മാളെന്നും യൂസഫലി വ്യക്തമാക്കി. 


ഇരുന്നൂറിലധികം ദേശീയ രാജ്യാന്തര ബ്രാന്‍ഡുകളും 11 സ്ക്രീനുകളുള്ള മള്‍ട്ടിപ്ളെക്സും 2500 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടും 20 ല്‍ അധികം ഡൈനിംഗ് റസ്റ്റോറന്റുകളുമുള്ളതായിരിക്കും ഈ മാള്‍‍. ഉത്തര്‍പ്രദേശില്‍ വിവിധ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്നും കാണ്‍പൂരിലും നോയിഡയിലും റീടെയ്ല്‍, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിംഗ് മേഖലകളില്‍ ലുലു ഗ്രൂപ്പ് നിക്ഷേപ സാധ്യത ആരായുന്നുണ്ടെന്നും യൂസഫലി പറഞ്ഞു. 


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ഗവര്‍ണര്‍ രാം നായിക്, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.