ഭോപ്പാല്‍ :  ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്  മധ്യ പ്രദേശ്... മധ്യ പ്രദേശിലും കര്‍ണാടക  ആവര്‍ത്തിക്കാനുള്ള  തയ്യാറെടുപ്പില്‍ ബിജെപി...  


COMMERCIAL BREAK
SCROLL TO CONTINUE READING

കമല്‍ നാഥിന്‍റെ നേത്രുത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ പുറത്തിറക്കാന്‍ സഹായിച്ച കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  പാര്‍ട്ടി ടിക്കറ്റ് നല്‍കുമെന്നാണ് സൂചന. 


"കോണ്‍ഗ്രസില്‍നിന്നു രാജി വെച്ച എം.എല്‍.എമാര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെടാന്‍ സാധ്യത കൂടിയവരാണ്. അവര്‍ ചെയ്തത് വലിയ ത്യാഗമാണ്",  മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ്മ പറഞ്ഞു.


"അഴിമതിയില്‍നിന്നും മോശം ഭരണത്തില്‍നിന്നും മധ്യ പ്രദേശിനെ രക്ഷിക്കാന്‍ മന്ത്രി സ്ഥാനവും എം.എല്‍.എ പദവി പോലും ഉപേക്ഷിച്ചവരാണ് അവര്‍. സംസ്ഥാനത്തിനായി സ്ഥാനമാനങ്ങള്‍ ത്യജിച്ചവര്‍ എന്ന് അവരെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഈ കാരണത്താല്‍ അവരെല്ലാം സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കുന്നുണ്ട്",  ശര്‍മ്മ വ്യക്തമാക്കി. ഇവരുടെ പേരുകള്‍ കേന്ദ്ര നേതൃത്വത്തിന്‍റെ  അംഗീകാരത്തിന് അയച്ചിരിക്കുകയാണെന്നും ശര്‍മ്മ പറഞ്ഞു.


അതേസമയം,  ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കുള്ള മുന്നോടിയായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍  യോഗം ചേര്‍ന്നിരുന്നു. അടുത്തിടെ കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ ചേര്‍ന്ന  ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ഇതാദ്യമായാണ്  ജ്യോതിരാദിത്യ സിന്ധ്യ ഒരു നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കുന്നത്. 


വീഡിയോ കോണ്‍ഫറന്‍സിംഗ്  വഴി നടന്ന യോഗത്തില്‍ സംസ്ഥാന  മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗ ഹാൻ, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്‍  വിഷ്ണുദത്ത് ശർമ, സംസ്ഥാന സംഘാടക ജനറൽ സെക്രട്ടറി സുഹാസ് ഭഗത് എന്നിവരും പങ്കെടുത്തിരുന്നു.  യോഗത്തിൽ സംസ്ഥാനത്തെ 24 സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന നിർണായക ഉപതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍  ചർച്ചയായതായാണ് സൂചന. 


മധ്യ പ്രദേശില്‍ ആകെ 24 മണ്ഡലങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  എം.എല്‍.എമാര്‍ രാജിവച്ച 22 മണ്ഡലങ്ങള്‍ കൂടാതെ എം.എല്‍.എമാരുടെ നിര്യാണം മൂലം ഒഴിവ് വന്ന 2 മണ്ഡലങ്ങളിലേയ്ക്കുമാണ്  തിരഞ്ഞെടുപ്പ് നടക്കുക. സെപ്തംബറിലായിരിക്കും ഉപതിരഞ്ഞെടുപ്പ്....