ന്യൂഡൽഹി: മലയാളിയ്ക്ക് ഇത് അഭിമാന നിമിഷം. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷൻ ഇന്ത്യക്കുവേണ്ടി നിർമ്മിച്ച റാഫേല്‍ യുദ്ധവിമാനം ആദ്യം പറത്തിയതു മലയാളിയാണ്. കണ്ണൂർ സ്വദേശിയായ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ രഘുനാഥ് നമ്പ്യാരാണ്‌ വ്യാഴാഴ്ച ഫ്രാൻസിൽ റഫാൽ വിമാനത്തിൽ പരീക്ഷണപ്പറക്കൽ നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനത്തിന്‍റെ കാര്യക്ഷമത വിലയിരുത്തുന്നതിനുവേണ്ടിയായിരുന്നു പറക്കൽ. റാഫേല്‍ വിമാനങ്ങളുടെ നിർമ്മാണപുരോഗതികൂടി വിലയിരുത്തുന്നതിനാണ്‌ നാലുദിവസം മുമ്പ് അദ്ദേഹം ഫ്രാൻസിലെത്തിയത്. 36 റാഫേല്‍ വിമാനങ്ങളാണ്‌ ദസോൾട്ടിൽനിന്ന് ഇന്ത്യ വാങ്ങുന്നത്.


എടക്കാട് സ്വദേശിയായ നമ്പ്യാർ ഷില്ലോങ്ങിൽ കിഴക്കൻ വ്യോമ കമാൻഡിന്‍റെ ചുമതലയുള്ള സീനിയർ സ്റ്റാഫ് ഓഫീസർ ആയിരിക്കെയാണ്‌ ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫായി നിയമിതനാകുന്നത്. ബംഗളൂരുവിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മികവു തെളിയിച്ച ടെസ്റ്റ് പൈലറ്റ് ആയിട്ടാണ്‌ നമ്പ്യാർ അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ മണിക്കൂറുകൾ ‘മിറാഷ് 2000’ വിമാനം പറത്തിയതിന്‍റെ റെക്കോ‍ഡ് അദ്ദേഹത്തിന്‍റെ പേരിലാണ്. 1999-ലെ കാർഗിൽ യുദ്ധത്തിൽ‌ ടൈഗർ ഹില്ലിലെ വ്യോമാക്രമണത്തിന്‌ നേതൃത്വം നൽകി. കഴിഞ്ഞകൊല്ലം കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ വിമാനത്തിന്‍റെ പൈലറ്റും ഇദ്ദേഹമായിരുന്നു.


കാടാച്ചിറയിലെ സ്ക്വാഡ്രൻ ലീഡർ പദ്മനാഭൻ നമ്പ്യാരുടെയും രാധാ നമ്പ്യാരുടെയും മകനാണ് രഘുനാഥ് നമ്പ്യാര്‍. ഖഡക്‌വാസ്‌ല നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കി 1980-ലാണ് വ്യോമസേനയിലെത്തിയത്. അതിവിശിഷ്ട സേവാമെ‍ഡൽ, വായുസേനാ മെഡൽ, കാർഗിൽ യുദ്ധത്തിലെ ധീരതയ്ക്കു പ്രത്യേക മെഡൽ, ബാർ ടു ദി വായുസേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.


കോഴിക്കോട് ബേപ്പൂർ സ്വദേശി ലക്ഷ്മി നമ്പ്യാരാണ്‌ ഭാര്യ. ഏകമകൻ അശ്വിൻ നമ്പ്യാർ കൊമേഴ്സ്യൽ പൈലറ്റാണ്.