ജമ്മു-കശ്മീര്‍ നേതാക്കളെ വിട്ടയയ്ക്കണമെന്ന് മമത ബാനര്‍ജി
ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിവ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ന്യൂഡല്‍ഹി: ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിവ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഈ ബില്ലിനെ പിന്തുണക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിയില്ല എന്നറിയിച്ച അവര്‍, ബില്‍ നടപ്പില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയായില്ല എന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍, കശ്മീരികളുമായും രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തി വേണമായിരുന്നു ഇത്തരത്തിലൊരു തീരുമാനത്തിലെത്താന്‍. സ്ഥിരമായ ഒരു പരിഹാരമാണ് കശ്മീരില്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ചര്‍ച്ച നടത്തേണ്ടിയിരുന്നെന്നും അവര്‍ പറഞ്ഞു.
കൂടാതെ, വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ മോചിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കശ്മീരി നേതാക്കള്‍ ഭീകരര്‍ അല്ലെന്നും അവരെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
'ഫാറൂഖ് അബ്ദുള്ളയെക്കുറിച്ച് യാതൊരു വിവരവുമില്ല. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീരി നേതാക്കളെ ഒറ്റപ്പെടുത്താൻ കഴിയില്ല, അവർ തീവ്രവാദികളല്ല, അവരെ ഉടന്‍ മോചിപ്പിക്കണം', മമത പറഞ്ഞു.