ന്യൂഡല്‍ഹി: ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് പ്രതികരിച്ച നസീറുദ്ദിന്‍ ഷായ്ക്കെതിരെ പ്രമുഖ നടന്‍ അനുപം ഖേര്‍. ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് വേണ്ടത്? അദ്ദേഹം ചോദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഇപ്പോള്‍ സ്വാതന്ത്ര്യ൦ നല്ലത് പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെ മോശം പറയാനും, സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത്? തനിക്ക് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അതിന്‍റെ അര്‍ത്ഥം സത്യമാണെന്നല്ല; അനുപം ഖേര്‍ പറഞ്ഞു.


പൊലീസുകാരന്‍റെ മരണത്തേക്കാള്‍ പശുവിന്‍റെ മരത്തിനാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യമെന്ന് ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദിന്‍ ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷാക്കെതിരെ അനുപം ഖേര്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. 


അതേസമയം, അനുപം ഖേറിനെക്കൂടാതെ നിരവധിയാളുകളാണ് നസീറുദ്ദിന്‍ ഷായ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 


ഷായുടെ പരാമര്‍ശം പുറത്തുവന്നയുടനെതന്നെ ഹിന്ദുത്വ സംഘടനയായ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് അമിത് ജാനി അദ്ദേഹത്തിന് പാക്കിസ്ഥാനിലേയ്ക്കുള്ള വിമാന ടിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 14ന് പാക്കിസ്ഥാനിലേയ്ക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ജീവിക്കാന്‍ അദ്ദേഹത്തിന് ഭയമുണ്ടെങ്കില്‍ പാക്കിസ്ഥാലേയ്ക്ക് പോകാം. മറ്റാര്‍ക്കെങ്കിലും രാജ്യത്ത് ജീവിക്കാന്‍ ഭയം തോന്നുന്നുവെങ്കില്‍ യു.പി നവനിര്‍മാണ്‍ സേന അവര്‍ക്കും വിമാന ടിക്കറ്റ് എടുത്തു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കൂടാതെ, നസീറുദ്ദിന്‍ ഷാ പാക്കിസ്ഥാന്‍ എജന്‍റിനെപ്പോലെയാണ് പെരുമാറുന്നത് എന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. 


നസീറുദ്ദിന്‍ ഷാ പങ്കെടുക്കാനിരുന്ന അജ്മീര്‍ സാഹിത്യോത്സവം യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.


എന്നാല്‍, ആള്‍ക്കൂട്ട ആക്രമത്തില്‍ ദുഃഖിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ബുലന്ദ്ശഹര്‍ സംഭവത്തില്‍ പ്രതികരിച്ചതെന്നും സ്‌നേഹിക്കുന്ന രാജ്യത്തെപ്പറ്റിയുള്ള ആശങ്ക പ്രകടിപ്പിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം അജ്മീറില്‍ പ്രതികരിച്ചിരുന്നു. ‘തനിക്കെതിരായ വിമര്‍ശനം അംഗീകരിക്കുന്നു. വിമര്‍ശിക്കാന്‍ അവര്‍ക്കുള്ള അവകാശം തനിക്കുമുണ്ട്. തന്‍റെ രാജ്യത്തെപ്പറ്റിയുള്ള ആശങ്കയാണ് പങ്കുവച്ചത്. അതെങ്ങനെ കുറ്റകൃത്യമാകും’: അദ്ദേഹം പ്രതികരിച്ചു.


‘അദ്ദേഹത്തിന്‍റെ വികാരങ്ങൾ ശരിയാകാം. പക്ഷേ, മക്കളെയോർത്ത് അദ്ദേഹം ഭയപ്പെടേണ്ട ആവശ്യമില്ല. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണു മുന്നോട്ടുപോകുന്നത്. നമ്മുടേത് സഹിഷ്ണുതയുടെ രാജ്യമാണ്. സഹിഷ്ണുതയും സഹവർത്തിത്വവും രാജ്യത്തിന്‍റെ ജനിതകത്തിലുള്ളതാണ്. ഒരു സാഹചര്യത്തിലും ആ പൈതൃകം ആർക്കും നശിപ്പിക്കാനാവില്ല എന്ന് നസീറുദ്ദിന്‍ ഷായുടെ പരാമർശങ്ങളോട് കേന്ദ്രമന്ത്രി മുഖ്‌തർ അബ്ബാസ് നഖ്‌വി പ്രതികരിച്ചു. 


അതേസമയം, നസീറുദ്ദിന്‍ ഷായ്ക്കെതിരെ വിമര്‍ശനവുമായി സാക്ഷി മഹാരാജും ബാബാ രാംദേവും രംഗത്തെത്തിയിട്ടുണ്ട്. നസീറുദ്ദിന്‍ ഷായേപ്പോലുള്ളവരുടെ ഇത്തരം പരാമര്‍ശനങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനത്തിന് ക്ഷതമേല്പ്പിക്കുമെന്നും ബാബാ രാംദേവ് അഭിപ്രായപ്പെട്ടു. 


നസീറുദ്ദിന്‍ ഷാ ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണെന്നും ഇന്നത്തെ അവസ്ഥയില്‍ രാജ്യത്ത് അദ്ദേഹം സുരക്ഷിതനല്ലെങ്കില്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് അദ്ദേഹത്തിന് പോകാമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.