രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പ്രകാശ് രാജിന് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
ഇക്കഴിഞ്ഞ 31ന് പുതുവത്സര ആശംസകള്‍ക്കൊപ്പം തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന്‍റെ പിന്നാലെ നടന്‍ പ്രകാശ് രാജിന് പിന്തുണയുമായി രാജ്യമൊട്ടുക്കുനിന്നും പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ബംഗളൂരു: ഇക്കഴിഞ്ഞ 31ന് പുതുവത്സര ആശംസകള്‍ക്കൊപ്പം തന്‍റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന്‍റെ പിന്നാലെ നടന്‍ പ്രകാശ് രാജിന് പിന്തുണയുമായി രാജ്യമൊട്ടുക്കുനിന്നും പ്രമുഖര്‍ രംഗത്തെത്തിയിരിക്കുകയാണ്.
പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ഉടന്‍തന്നെ നടന് പിന്തുണ പ്രഖ്യാപിച്ച് ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) വര്‍ക്കിംഗ് പ്രസിഡന്‍റ് കെ ടി രാമറാവു രംഗത്തെത്തിയിരുന്നു. രാമറാവുവുമായി പ്രകാശ് രാജ് പിന്നീട് കൂടിക്കാഴ്ചയും നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രകാശ് രാജിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടിയും മുന്നോട്ടുവന്നിരിക്കുകയാണ്. നല്ല മനുഷ്യര്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ടെന്നും അത്തരം പ്രവണതയെ സ്വാഗതം ചെയ്യുന്നുവെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. മനീഷ് സിസോദിയയുടെ പിന്തുണയ്ക്ക് പ്രകാശ് രാജ് ട്വീറ്റിലൂടെ നന്ദിയും അറിയിച്ചു.
ഈ വര്‍ഷം പല പ്രമുഖ താരങ്ങളും രാഷ്ട്രീയ അരങ്ങേറ്റം പ്രഖ്യാപിച്ചിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് പിന്നാലെയാണ് പ്രകാശ് രാജും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. എന്നാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തില്‍ രജനിയും കമലും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ താന്‍ സ്വതന്ത്രനായാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് പ്രകാശ് രാജ് പ്രഖ്യാപിച്ചുകഴിഞ്ഞു.
പ്രകാശ് രാജിന്‍റെ രാഷ്ട്രീയ പ്രവേശനം വളരെ സൂക്ഷ്മതയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യചോദ്യം അദ്ദേഹം ആര്‍ക്കൊപ്പം നില്‍ക്കുമെന്നുള്ളതാണ്.
പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സംഘപരിവാറിനെതിരെ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കൂടാതെ, മോദി സര്‍ക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഒരു നടനെന്ന നിലയിലും ഒരു പൗരണെന്ന നിലയിലും അദ്ദേഹത്തിനുള്ള ജനസമ്മിതി ഏറെയാണ്.
ഈ അവസരത്തിലാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചുവടുവയ്പ് നേതാക്കള്‍ ഉറ്റുനോക്കുന്നത്.