പൊതിച്ചോറിൽ അച്ചാർ വയ്ക്കാൻ മറന്നതിന് ഹോട്ടലുടമയ്ക്ക് 35,025 രൂപ പിഴ വിധിച്ച് കോടതി. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് സംഭവം ഉണ്ടായത്. പാഴ്സൽ വാങ്ങിയ ഭക്ഷണപൊതിയിൽ അച്ചാർ ഉൾപ്പെടുത്താത്തതിനെതിരെ ബാലമുരുകൻ ഹോട്ടലിന് എതിരെയാണ് കേസ് ഫയൽ ചെയ്തത്. തുടർന്ന് നഷ്ടപരിഹാരം നൽകണമെന്നും വില്ലുപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

വില്ലുപുരം വഴുദറെഡ്ഡിയിൽ താമസിക്കുന്ന സി ആരോക്യസാമിയാണ് പരാതിക്കാരൻ. ആരോ​ക്യസാമിയുടെ ബന്ധുവിന്റെ ഒന്നാം ചരമവാർഷികത്തിന് പ്രായമായവർക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നതിനായാണ് 2022 നവംബർ 28ന് ഹോട്ടൽ ബാലമുരുകനിൽ നിന്ന് 25 ഊണ് പാഴ്സൽ വാങ്ങിയത്. ഇതിനായി ആകെ 2000 രൂപയാണ് ഹോട്ടലിൽ നൽകിയത്.


ഹോട്ടലിൽ നിന്ന് പ്രിന്റ് രസീത് ആവശ്യപ്പെട്ടെങ്കിലും കൈകൊണ്ട് എഴുതിയ രസീത് ആണ് നൽകിയത്. തുടർന്ന് ഭക്ഷണം വിതരണം ചെയ്തപ്പോഴാണ് ഊണ് പൊതികളിൽ അച്ചാർ പാക്കറ്റുകൾ ഇല്ലെന്ന് മനസ്സിലായത്. തുടർന്ന് ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഒരു രൂപ വിലയുള്ള അച്ചാർ പാക്കറ്റുകൾ ഉൾപ്പെടുത്താൻ ജീവനക്കാർ മറന്നതായി മനസ്സിലായത്.


ALSO READ: താമസ സൗകര്യമൊരുക്കുന്നതിൽ പിഴവുണ്ടായാൽ ഹജ്ജ് തീർത്ഥാടകർക്ക് നഷ്ടപരിഹാരം നൽകും


തുടർന്ന് അച്ചാറിന് താൻ നൽകിയ 25 രൂപ തിരികെ നൽകണമെന്ന് ആരോ​ക്യസാമി ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ, മാനേജ്മെന്റ് ഇക്കാര്യം നിരസിക്കുകയും കൃത്യമായ മറുപടി നൽകാതിരിക്കുകയുമായിരുന്നു. ഇതേ തുടർന്ന് 2023 സെപ്തംബറിൽ ആരോക്യസാമി ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനിൽ പരാതി നൽകി.


ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി സതീഷ് കുമാർ, അം​ഗങ്ങളായ എസ്എം മീര മൊഹിദീൻ, കെ അമല എന്നിവർ പരാതിയിൽ അന്വേഷണം നടത്തി. അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി 30,000 രൂപയും വ്യവഹാര ചിലവായി 5,000 രൂപയും അച്ചാർ പാക്കറ്റുകളുടെ വിലയായ 25 രൂപയും ഉൾപ്പെടെ മൊത്തം 35,025 രൂപയാണ് നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചത്.


പ്രസ്തുത ഹോട്ടൽ പിഴത്തുക 45 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നാണ് ഉത്തരവ്. ഇല്ലെങ്കിൽ, പിഴ തുകയുടെ ഒമ്പത് ശതമാനം പലിശ കൂടി നൽകേണ്ടി വരുമെന്നാണ് സൂചന. പരാതിക്കാരനായ ആരോ​ക്യസാമി ഓൾ കൺസ്യൂമർ പബ്ലിക് എൻവയോൺമെന്റൽ വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.