ന്യൂഡല്‍ഹി: #മീടൂ വിവാദത്തില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് രാജിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടില്ലെന്ന് സൂചന. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അക്ബര്‍ നിഷേധിച്ച സാഹചര്യത്തിലാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെതിരെ ബിജെപിയിൽ അതൃപ്തി ഏറുന്ന സാഹചര്യത്തിലും ഈ വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും രണ്ടഭിപ്രായമാണ് ഉള്ളത്. അക്ബറിനെതിരെ ലൈംഗികാരോപണവുമായി നിരവധി വനിതകളാണ് രംഗത്തെത്തിയത്, എന്നാല്‍ തത്കാലം ഇതൊന്നും പാര്‍ട്ടിയേയോ സര്‍ക്കാരിനെയോ ബാധിക്കുന്നില്ല എന്ന് വേണം കരുതാന്‍. 


മന്ത്രിയുടെ രാജി ഏതുവിധത്തില്‍ പാര്‍ട്ടിയെ ബാധിക്കും എന്നതാണ് ഇപ്പോഴത്തെ മുഖ്യചര്‍ച്ചാവിഷയം. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഒരു കേന്ദ്രമന്ത്രിയുടെ രാജി, അതും ലൈംഗികാരോപണവുമായി ബന്ധപ്പെട്ട്, അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ അക്ബറിന് തന്‍റെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കണമെന്ന് മറ്റൊരുവിഭാഗവും പറയുന്നു. എന്നാല്‍, എം.ജെ അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുതന്നെ പാര്‍ട്ടിയിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. 


അതേസമയം, അക്ബര്‍ പാര്‍ട്ടിയിലും മന്ത്രിസ്ഥാനത്തും തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തിയിരുന്നു. അതേസമയം, പ്രത്യക്ഷമായി മേനകഗാന്ധി ഒഴികെ മറ്റൊരു വനിതാ നേതാവും എം.ജെ അക്ബറിനെതിരെ സംസാരിച്ചിട്ടില്ല. 


അതേസമയം, തന്‍റെ പേരില്‍ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് എം.ജെ അക്ബര്‍ പറഞ്ഞു. തന്‍റെ പേരിലുള്ള ആരോപണം വ്യാജവും കെട്ടിച്ചമച്ചതും ഏറെ അസഹ്യപ്പെടുത്തുന്നതുമാണ് എന്നദ്ദേഹം പറഞ്ഞു.


എന്നാല്‍, പ്രിയ രമണിയ്ക്കു പിന്നലെ നിരവധി മാധ്യമ പ്രവര്‍ത്തകരാണ് എം.ജെ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതില്‍ കൊളംബിയന്‍ മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടും. അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവർത്തക ഗസാല വഹാബ് രംഗത്തെത്തിയിട്ടുണ്ട്. 


എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് മഹിളാശാക്തീകരണവുമായി ബന്ധപെട്ട് സര്‍ക്കാരിന്‍റെ നയങ്ങള്‍ക്ക് എതിരാണ് എന്നത് പകല്‍പോലെ വ്യക്തം.