ബുലന്ദ്ഷഹര്‍ കലാപം: പശു കശാപ്പിന്റെ പേരില്‍ കുട്ടികളടക്കം ഏഴുപേര്‍ക്കെതിരെ കേസ്
സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പശുക്കളെ കശാപ്പ് ചെയ്തതിന്‍റെ പേരില്‍ കുട്ടികളടക്കം മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. 11ഉം 12ഉം വയസ്സുള്ള കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും കുടുംബാംഗങ്ങളാണ്.
പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് പൊലീസ് ഓഫീസര്‍ അടക്കം രണ്ടുപേരുടെ മരണത്തിനിടയാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് കേസ്. ബജ്‌റംഗ്ദള്‍ ജില്ലാ അധ്യക്ഷന്‍ യോഗേഷ് രാജ് നല്‍കിയ പരാതിയിലാണ് പശു കശാപ്പിന് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. വീടുകളിലെത്തി കുട്ടികളെ ചോദ്യംചെയ്യുകയും കുട്ടികളെ കൊണ്ടുപോകുകയുമായിരുന്നെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നു. കുട്ടികളുടെ ബന്ധുക്കളിലൊരാളെയും പൊലീസ് ഒപ്പം കൊണ്ടുപോയി. സ്‌റ്റേഷനില്‍ വെച്ച് കുട്ടികളുടെ പേരുവിവരങ്ങള്‍ ചോദിച്ചറിയുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തതായും ബന്ധു പറയുന്നു.
സംഭവം നടക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു. പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെടാനിടയാക്കിയ കലാപം ആസൂത്രണം ചെയ്‌തെന്ന കേസില്‍ പ്രതിയാണ് പരാതി നല്‍കിയ യോഗേഷ് രാജ്. കലാപത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്.
കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റു പ്രതികളില്‍ ഒരാള്‍ മറ്റൊരു ഗ്രാമത്തില്‍ ജീവിക്കുന്ന ആളാണ്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികള്‍ ഏതു നാട്ടുകാരാണെന്നു പോലും അറിയില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. കുട്ടികളെയടക്കം അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
പശു കശാപ്പിനെതിരെ കര്‍ശന നടപടിയെടുക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥന്‍ മരിക്കാനിടയായ കലാപത്തെക്കുറിച്ച് മുഖ്യമന്ത്രി നിശബ്ദത പാലിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് കലാപത്തിനും കൊലപാതകത്തിനും പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.