ന്യൂഡല്‍ഹി: #മീടൂ ക്യാമ്പയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗിക ആരോപണം നടത്തിയ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ അപകീര്‍ത്തി കേസ്. ഡല്‍ഹി പട്യാല കോടതിയിലാണ് എം.ജെ. അക്ബര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകള്‍ #മീടൂ ക്യാമ്പയിനിലൂടെ എം.ജെ. അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. പ്രിയാ രമണിയായിരുന്നു ആദ്യം രംഗത്തെത്തിയത്. 


ഒരാഴ്ച നീണ്ട വിദേശ പര്യടനത്തിന് ശേഷം ഞായറാഴ്ച തിരിച്ചെത്തിയ കേന്ദ്ര മന്ത്രി എം.ജെ.അക്ബര്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ നിഷേധിക്കുകയും ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. കൂടാതെ, തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്.


ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെതിരെ ബിജെപിയിൽ അതൃപ്തി ഏറുന്ന സാഹചര്യത്തിലും ഈ വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും രണ്ടഭിപ്രായമാണ് ഉള്ളത്. അക്ബറിനെതിരെ ലൈംഗികാരോപണവുമായി നിരവധി വനിതകളാണ് രംഗത്തെത്തിയത്, എന്നാല്‍ തത്കാലം ഇതൊന്നും പാര്‍ട്ടിയേയോ സര്‍ക്കാരിനെയോ ബാധിക്കുന്നില്ല എന്ന് വേണം കരുതാന്‍. 


മന്ത്രിയുടെ രാജി ഏതുവിധത്തില്‍ പാര്‍ട്ടിയെ ബാധിക്കും എന്നതാണ് ഇപ്പോഴത്തെ മുഖ്യചര്‍ച്ചാവിഷയം. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഒരു കേന്ദ്രമന്ത്രിയുടെ രാജി, അതും ലൈംഗികാരോപണവുമായി ബന്ധപ്പെട്ട്, അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ അക്ബറിന് തന്‍റെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കണമെന്ന് മറ്റൊരുവിഭാഗവും പറയുന്നു. എന്നാല്‍, എം.ജെ അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുതന്നെ പാര്‍ട്ടിയിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. 


അതേസമയം, അക്ബര്‍ പാര്‍ട്ടിയിലും മന്ത്രിസ്ഥാനത്തും തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തിയിരുന്നു. അതേസമയം, പ്രത്യക്ഷമായി മേനകഗാന്ധി ഒഴികെ മറ്റൊരു വനിതാ നേതാവും എം.ജെ അക്ബറിനെതിരെ സംസാരിച്ചിട്ടില്ല.