`പ്രിയ സഖാവിന് ജന്മദിനാശംസകൾ...`; പിണറായി വിജയന് ആശംസകൾ നേർന്ന് എംകെ സ്റ്റാലിൻ
MK Stalin: ട്വിറ്ററിലൂടെയാണ് സ്റ്റാലിൻ പിണറായിക്ക് ജന്മദിനാശംസകൾ നേർന്നത്.
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനമാണ് ഇന്ന്. 'പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നു'വെന്ന് സ്റ്റാലിൻ ആശംസിച്ചു. ട്വിറ്ററിലൂടെയാണ് സ്റ്റാലിൻ പിണറായിക്ക് ജന്മദിനാശംസകൾ നേർന്നത്.
ഛിദ്രശക്തികൾക്കെതിരെ കേരളത്തെ ശക്തിപ്പെടുത്താനും രാഷ്ട്രത്തിന്റെ ഐക്യത്തിനായി സംസ്ഥാനങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും നിങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും സ്റ്റാലിൻ ആശംസാ സന്ദേശത്തിൽ കുറിച്ചു. രാഷ്ട്രീയമായും വ്യക്തിപരമായും മികച്ച ബന്ധമാണ് ഇരു നേതാക്കളും തമ്മിലുള്ളത്. പിണറായി ഇന്ത്യയിലെ ഉരുക്ക് മനുഷ്യരിൽ ഒരാളാണെന്നാണ് 23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് സ്റ്റാലിൻ പറഞ്ഞത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മലയാളത്തിലുള്ള സ്റ്റാലിന്റെ പ്രസംഗം. മതേതരത്വത്തിന്റെ പ്രതീകമാണ് പിണറായി വിജയനെന്നും അദ്ദേഹം തന്റെ വഴികാട്ടിയാണെന്നും പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിൽ സ്റ്റാലിൻ പറഞ്ഞിരുന്നു. എന്നാൽ, പിറന്നാൾ ദിനത്തിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ പോലെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഉണ്ടാകില്ല. ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. അന്നാണ് അദ്ദേഹം തന്റെ ജന്മദിനത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ALSO READ: മുഖ്യമന്ത്രി പിണറായി വിജയന് 77-ാം പിറന്നാൾ; ആഘോഷങ്ങളില്ല, തൃക്കാക്കരയിൽ പ്രചാരണത്തിരക്കിൽ
ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് പിണറായി വിജയന്റെ ജന്മദിനം. 2016 മെയ് 25ന് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന്റെ തലേദിവസമാണ് ഇന്ന് തന്റെ ജന്മദിനമാണെന്ന് അദ്ദേഹം പറഞ്ഞത്. 1945 മെയ് 24നാണ് പിണറായി വിജയൻ ജനിച്ചത്. കേരളത്തിൽ ആദ്യമായി തുടർഭരണം നേടി രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏക മുഖ്യമന്ത്രിയാണ്. തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാർഥിയായിരിക്കേ എസ്എഫ്‌ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 15 വർഷത്തിലേറെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...