ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ തുറന്ന പോരില്‍ പ്രതികരണവുമായി വിമത നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘന്‍ സിന്‍ഹ.


COMMERCIAL BREAK
SCROLL TO CONTINUE READING

മമതാ ബാനര്‍ജി ഉരുക്കു വനിതയാണെന്നും എല്ലാവരോടും കളിക്കുന്ന പോലെ മമതയോട് കളിക്കരുതെന്നുമായിരുന്നു ശത്രുഘന്‍ സിന്‍ഹ നല്‍കിയ താക്കീത്. 


മമത ഉരുക്കുവനിതയാണ്. കരുത്തുള്ള സ്ത്രീയാണ് അവര്‍. അവരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം നിങ്ങള്‍ "ഏക് ലാ ചലോരെ" എന്ന പാട്ട് പാടേണ്ടി വരും. നമ്മുടെ ജനങ്ങള്‍ക്ക് നല്ലത് മാത്രം വരാന്‍ പ്രത്യാശിക്കാം. സമയം പോയ്‌ക്കൊണ്ടേയിരിക്കും. നിങ്ങളെ കാത്തിരിക്കില്ല- ശത്രുഘന്‍ സിന്‍ഹ പറയുന്നു.


'അതിരിക്കട്ടെ, ഒരു വാറണ്ടോ, കോടതി ഉത്തരവോ കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ 40 സി.ബി.ഐ ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ നമ്മളെന്താ അടിയന്തരാവസ്ഥയിലേക്കാണോ പോകുന്നത്? ഇതാണ് ജനങ്ങള്‍ ചോദിക്കുന്നത്. സിന്‍ഹ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ബിഹാറില്‍ നിന്നുള്ള ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയിമായ ശത്രുഘന്‍ സിന്‍ഹ.


ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചിരുന്നു. ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും മമത ആരോപിച്ചിരുന്നു.


ഇതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ മമത ബാനര്‍ജിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിന്‍റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. 


അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ പ്രതിപക്ഷ നേതാക്കളും മമതയെ പിന്തുണച്ച് എത്തിയിരുന്നു.