ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുര്‍ക്കി പ്രസിഡന്‍റ് റെജപ് തയ്യിപ് ഉര്‍ദുഗാന്‍റെ പാക് അനുകൂല പ്രസ്താവനയെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സൂചന. 


ജമ്മുകാശ്‌മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെ വിമര്‍ശിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് ഉര്‍ദുഗാന്‍ പ്രസംഗിച്ചത്. 


ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ഉര്‍ദുഗാന്‍, പാക്കിസ്ഥാനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. 


നീതി, ധര്‍മം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയാണ് കശ്മീരിലെ പ്രശ്‌നപരിഹാരത്തിന് അനിവാര്യമെന്നും അല്ലാതെ സംഘര്‍ഷമല്ലെന്നുമായിരുന്നു ഉര്‍ദുഗന്റെ പ്രസ്താവന. 


ഇതിന് പിന്നാലെ, സിറിയയിൽ തുർക്കിയുടെ സൈനിക നടപടിയെ ഇന്ത്യ നിശിതമായി വിമർശിച്ചിരുന്നു. 


കൂടാതെ ഇന്ത്യയുടെ നാവിക കപ്പലുകൾ നിർമ്മിക്കാൻ തുർക്കിയിലെ അനദോലു കപ്പൽ ശാലയ്‌ക്ക് കരാർ നൽകാനുള്ള തീരുമാനം പൊടുന്നനെ റദ്ദാക്കുകയും ചെയ്‌തിരുന്നു. 


അതേസമയം, അഭിപ്രായ ഭിന്നതകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ തുർക്കി അംബാസഡർ സാക്കിർ ഓസ്‌കാൻ ടൊറുൻലാർ പറഞ്ഞു.


സിറിയയിലെ തുർക്കിയുടെ സൈനിക നടപടി ഭീകര വിരുദ്ധ ഓപ്പറേഷനാണ്. അത് വ്യക്തമായി മനസിലാകാതെയാണ് ഇന്ത്യ പ്രസ്‌താവന നടത്തിയത്. കാര്യം വ്യക്തമായ ശേഷം ഇന്ത്യ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 


കഴിഞ്ഞ ജൂണിൽ മോദിയും എർദ്ദോഗനും ജപ്പാനിലെ ഒസാക്കയിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സന്ദർശനം തീരുമാനിച്ചത്. 


ഈ വര്‍ഷം അവസാനത്തോടെ മോദി തുര്‍ക്കി സന്ദര്‍ശിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ കാശ്‌മീർ പ്രശ്നത്തിൽ തുർക്കി സ്വീകരിച്ച നിലപാട് ഇന്ത്യയെ പ്രകോപിപ്പിക്കുകയായിരുന്നു.