ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്ക് വഹിച്ചതായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യസമരത്തില്‍ പ്രധാനപങ്കു വഹിച്ച കോണ്‍ഗ്രസ് രാജ്യത്തിനായി നിരവധി നേതാക്കളെ സമ്മാനിച്ചെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

‘ഭാരതത്തിന്‍റെ ഭാവി' ഒരു ആര്‍എസ്എസ് വീക്ഷണം’ എന്ന പേരില്‍ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയിലാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.


ആര്‍എസ്എസിനെ മെച്ചപ്പെട്ട രീതിയില്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയുടെ ആദ്യദിനം നടത്തിയ എണ്‍പതു മിനിറ്റു നീണ്ട പ്രസംഗത്തിലാണ് കോണ്‍ഗ്രസിന് ആര്‍എസ്എസ് മേധാവിയില്‍ നിന്ന് അപ്രതീക്ഷിത പരാമര്‍ശം ലഭിച്ചത്. 


ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് വളരെ വലുതാണ്. ഇന്നും നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ത്യാഗമനസ്‌ക്കരായ നിരവധി നേതാക്കളെ കോണ്‍ഗ്രസ് രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സാധാരണക്കാരായ ആളുകളെ സ്വാതന്ത്ര്യസമര രംഗത്തേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിനായി. സ്വാതന്ത്ര്യം നേടിയെടുക്കുന്നതില്‍ വലിയ പങ്കാണ് കോണ്‍ഗ്രസ് വഹിച്ചതെന്നും മോഹന്‍ ഭഗവത് പറഞ്ഞു.


ജനങ്ങളുടെ ക്ഷേമത്തിനായി ആര്‍.എസ്.എസ് അക്ഷീണം പ്രവര്‍ത്തിക്കുമ്പോഴും ചില ആളുകള്‍ ആര്‍.എസ്.എസിനെ ലക്ഷ്യം വെയ്ക്കുന്നുവെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു. 


ആര്‍എസ്എസിന്‍റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആര്‍എസ്എസ് ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല. ആര്‍എസ്എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്‍റെ വിശദീകരണം.


രാജ്യത്തെ സാംസ്‌കാരിക വൈവിധ്യം ആദരിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ അദ്ദേഹം നാനാത്വം സമൂഹത്തില്‍ ഭിന്നിപ്പിന് കാരണമാക്കരുതെന്നും അഭിപ്രായപ്പെട്ടു. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ ഇല്ലാതാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. സമൂഹത്തെ തന്റേതായി കാണുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെയ്യുന്നത്. ആര്‍എസ്എസിനെ ജനത്തിന് നന്നായി മനസിലാക്കുന്നതിനാണ് ത്രിദിന പരിപാടി ലക്ഷ്യമിടുന്നതെന്നും ഭാഗവത് പറഞ്ഞു.


ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറും കോണ്‍ഗ്രസ് അംഗമായിരുന്നു. സാധാരണ സര്‍ക്കാര്‍ പരിപാടികള്‍ക്കു വേദിയാകാറുള്ള വിജ്ഞാന്‍ ഭവനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പ്രതിനിധികളെയാണ് പരിപാടിയില്‍ ക്ഷണിച്ചത്. 


രണ്ടു ദിവസം ചര്‍ച്ചകളും മൂന്നാം ദിനത്തില്‍ പ്രതിനിധികളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും നല്‍കാനാണ് പദ്ധതി. ബിജെപി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ ചടങ്ങിന് എത്തിയെങ്കിലും പ്രതിപക്ഷ കക്ഷി നേതാക്കളില്‍ പലരും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.


എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.