Monkeypox Delhi: ഡൽഹിയിൽ മൂന്നാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു; രാജ്യത്ത് ആകെ മങ്കിപോക്സ് കേസ് എട്ടായി
Monkeypox: രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ എട്ട് മങ്കിപോക്സ് കേസുകളിൽ അഞ്ച് കേസുകൾ കേരളത്തിലാണ്. മൂന്ന് കേസുകൾ ഡൽഹിയിലും സ്ഥിരീകരിച്ചു.
ന്യൂഡൽഹി: ഡൽഹിയിൽ മൂന്നാമത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. ഡൽഹിയിൽ താമസിക്കുന്ന നൈജീരിയൻ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മങ്കിപോക്സ് കേസുകളുടെ എണ്ണം എട്ടായി ഉയർന്നു. ഇന്ന് കേരളത്തിൽ മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽ തന്നെ മറ്റൊരു നൈജീരിയൻ പൗരനും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ എട്ട് മങ്കിപോക്സ് കേസുകളിൽ അഞ്ച് കേസുകൾ കേരളത്തിലാണ്. മൂന്ന് കേസുകൾ ഡൽഹിയിലും സ്ഥിരീകരിച്ചു. രാജസ്ഥാനിൽ രോഗലക്ഷണങ്ങളോടെ ഒരാളെ ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മങ്കിപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞത് 10 ഐസൊലേഷൻ റൂമുകളെങ്കിലും സജ്ജീകരിക്കാൻ ഡൽഹി സർക്കാർ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. മങ്കിപോക്സ് സംശയിക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ അഞ്ചും സ്ഥിരീകരിച്ച കേസുകൾ കൈകാര്യം ചെയ്യാൻ അഞ്ചും ഐസൊലേഷൻ റൂമുകൾ സജ്ജീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സ്ഥിരീകരിച്ചതും സംശയിക്കപ്പെടുന്നതുമായ പുതിയ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, സ്ഥിതിഗതികൾ നിരീക്ഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കാനും കേന്ദ്രം ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. രാജ്യത്ത് നടക്കുന്ന പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ ജൂലൈ ഇരുപത്തിയാറിന് ചേർന്ന ഉന്നതതല യോഗത്തിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനിച്ചത്.
നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വികെ പോൾ ആണ് ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ലാബുകളുടെ ശൃംഖല പ്രവർത്തനക്ഷമമാക്കുന്നതിനും മങ്കിപോക്സ് രോഗനിർണയത്തിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...