ന്യൂ‍ഡൽഹി: ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് കേസുകൾ യൂറോപ്പിൽ 'സൂപ്പർസ്‌പ്രെഡർ ഇവന്റുകൾ' ഉണ്ടാക്കിയ സ്‌ട്രെയിനിൽ നിന്ന് വ്യത്യസ്‌തമാണെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം കണ്ടെത്തി. പൂനെയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐസിഎംആർ-എൻഐവി) യിൽ നിന്നുള്ള സംഘം കേരളത്തിൽ നിന്നുള്ള രണ്ട് മങ്കിപോക്സ് കേസുകളിൽ പഠനം നടത്തി. യുഎഇയിൽ നിന്ന് വന്നവരിലാണ് ഇന്ത്യയിലെ ആദ്യകേസുകൾ റിപ്പോർട്ട് ചെയ്തത്. വൈറസ് സ്‌ട്രെയിൻ എ.2 ആണെന്നാണ് വിദ​ഗ്ധസംഘം വ്യക്തമാക്കുന്നത്. 2021 ആരംഭത്തിൽ ഈ വൈറസ് തായ്‌ലൻഡിലും യുഎസിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ, യൂറോപ്പിലെ സൂപ്പർസ്‌പ്രെഡർ കേസുകൾക്ക് കാരണമായ സ്‌ട്രെയിൻ ബി.1 ആയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മങ്കിപോക്സ് വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇപ്പോൾ തുടർച്ചയായി പകരുന്നത് യൂറോപ്പിലെ സൂപ്പർസ്പ്രെഡർ സംഭവങ്ങളിലൂടെയാണ് സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നിലവിൽ എഴുപതിലധികം രാജ്യങ്ങളിലായി 16,000ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സിഎസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐജിഐബി) ശാസ്ത്രജ്ഞനായ വിനോദ് സ്കറിയ ട്വീറ്റ് ചെയ്തു. ബി.1 വംശത്തിൽപ്പെട്ട ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജീനോമുകളിൽ നിന്നും എ.2 വ്യത്യസ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കാണുന്ന എ.2 ക്ലസ്റ്റർ ഒരു സൂപ്പർസ്‌പ്രെഡർ അല്ലെന്നാണ് നിലവിലെ പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കേസുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജനിതക നിരീക്ഷണം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വിപുലമായ പരിശോധനയും അവബോധവും കൂടുതൽ കേസുകൾ കണ്ടെത്താൻ സഹായിക്കുമെന്നും വിനോദ് സ്കറിയ പറഞ്ഞു.


ALSO READ: Monkeypox: മങ്കിപോക്സ് സ്വവർഗാനുരാഗികളിലും ബൈസെക്ഷ്വൽ പുരുഷന്മാരിലും മാത്രമായിരിക്കില്ല; മറ്റുള്ളവരിലേക്കും പടരുമെന്ന് ലോകാരോഗ്യ സംഘടന


എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.


എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.