ജനീവ: നിലവിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കിടയിലാണ് മങ്കിപോക്സ് കൂടുതലായി പകരുന്നതായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കിടയിൽ മാത്രം മങ്കിപോക്സ് വ്യാപനം ഒതുങ്ങിനിൽക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. സമൂഹത്തിലെ മറ്റ് വിഭാഗം ആളുകൾക്കിടയിലും മങ്കിപോക്സ് വ്യാപനം ഉണ്ടാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരാണ് നിലവിൽ അണുബാധയ്ക്കുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 16 രാജ്യങ്ങളിലെ അണുബാധകൾ പരിശോധിച്ചതിൽ 98 ശതമാനം കേസുകളും സ്വവർഗാനുരാഗികളിലോ ബൈസെക്ഷ്വൽ പുരുഷന്മാരിലോ ആണെന്ന് കണ്ടെത്തിയിരുന്നു. മങ്കിപോക്സ് സ്വവർഗ്ഗാനുരാഗികളിലും ബൈസെക്ഷ്വൽ കമ്മ്യൂണിറ്റികളിലും മാത്രമായി ഒതുങ്ങിനിൽക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഡബ്ല്യുഎച്ച്ഒയിലെ സീനിയർ എമർജൻസി ഓഫീസർ ഡോ. കാതറിൻ സ്മോൾവുഡിനെ ഉദ്ധരിച്ച് എൻബിസി റിപ്പോർട്ട് ചെയ്തു.
കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയ വിഭാഗങ്ങളിലേക്ക് വൈറസ് പടർന്നാൽ ഈ രോഗം കൂടുതൽ ഗുരുതരമായേക്കുമെന്ന് ഡോ. കാതറിൻ സ്മോൾവുഡ് വ്യക്തമാക്കി. മങ്കിപോക്സ് അതിവേഗം വ്യാപിക്കുകയാണ്. 75 രാജ്യങ്ങളിലായി 16,000-ത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മങ്കിപോക്സ് ബാധിച്ച് ആഫ്രിക്കയിൽ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മങ്കിപോക്സിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അലംഭാവം വെടിയണമെന്നും അധികൃതർ നിർദേശിച്ചു. “ഇപ്പോൾ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കിടയിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തുടരുകയാണ്. പക്ഷേ അത് അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല,” സ്മോൾവുഡ് പറഞ്ഞു.
പല രാജ്യങ്ങളും ഇതിനകം തന്നെ അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനേഷൻ പരിപാടികൾ ശക്തമാക്കിയിട്ടുണ്ട്. വാക്സിനുകൾ പ്രധാനമായും വസൂരി ചികിത്സയ്ക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ, മങ്കിപോക്സിന് ഈ വാക്സിൻ എത്രത്തോളം ഫലം ചെയ്യുമെന്ന് വ്യക്തമല്ല. ഇതിനെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. മങ്കിപോക്സിനെതിരെ ഈ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ തങ്ങളുടെ പക്കൽ ഇല്ലെന്നും ഡബ്ല്യുഎച്ച്ഒയിലെ സീനിയർ എമർജൻസി ഓഫീസർ ഡോ. കാതറിൻ സ്മോൾവുഡ് പറഞ്ഞു. മങ്കിപോക്സ് വൈറസിനെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...