മുംബൈ: റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിവേഴ്‌സ് റിപ്പോ നിരക്കും 6.25 ശതമാനത്തില്‍ തുടരും. അതേസമയം, എസ്എല്‍ആര്‍ കാല്‍ശതമാനം കുറച്ചു. ഇതോടെ എസ്എല്‍ആര്‍ 19.25ശതമാനമായി. പണപ്പെരുപ്പ നിരക്ക് 2.7-3.2ശതമാനമാക്കി കുറയ്ക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 3.9-4.5 ശതമാനമായിരുന്നു. 


അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. പണപ്പെരുപ്പത്തിന്‍റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ബിഐ അത് പരിഗണിച്ചില്ല. 


അതേസമയം രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച 2018 ജൂലായ്‌ സെപ്റ്റംബര്‍ പാദത്തില്‍ 7.1 ശതമാനമായി താഴ്ന്നിരിക്കുകയാണ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ 3.31 ശതമാനത്തിലെത്തിനില്‍ക്കുന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിരക്കാണ് ഇത്.