Mulayam Singh Yadav: മുലായംസിംഗിന്റെ നിര്യാണത്തില്‍ UP-യില്‍ 3 ദിവസത്തെ ദുഖാചരണം, പ്രമുഖ നേതാക്കള്‍ അനുശോചിച്ചു
പാര്‍ട്ടി അനുയായികള്‍ക്കിടെ `നേതാജി` എന്നാണ് മുലായം സിംഗ് യാദവ് അറിയപ്പെട്ടിരുന്നത്.
Lucknow: സമാജ്‌വാദി പാർട്ടി (SP) സ്ഥാപകനും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ മുലായം സിംഗ് യാദവ് ഇന്ന് രാവിലെ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു.
എസ്പി അധ്യക്ഷനും മുലായം സിംഗിന്‍റെ മകനുമായ അഖിലേഷ് യാദവ് ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 22 മുതല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയായിരുന്നു.
മുലായം സിംഗ് യാദവിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ടപതി ദ്രൗപതി മുര്‍മു, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
അടിയന്തരാവസ്ഥയിൽ ജനാധിപത്യത്തിന്‍റെ പ്രധാന സൈനികനായിരുന്നു അദ്ദേഹം എന്നായിരുന്നു തന്‍റെ അനുശോചന സന്ദേശത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചത്. ഒപ്പം അദ്ദേഹത്തോപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്‍റെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.
കൂടാതെ, ഉത്തര്‍ പ്രദേശില്‍ 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾ നടത്തുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിച്ച ജനകീയ നേതാവായിരുന്നു ശ്രീ മുലായം സിംഗ് യാദവ് എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. സുദീർഘമായ തന്‍റെ പൊതുജീവിതത്തിൽ നിരവധി പദവികളിൽ പ്രവർത്തിച്ച അദ്ദേഹം രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വികസനത്തിന് എണ്ണമറ്റ സംഭാവനകള്‍ നൽകി. അദ്ദേഹത്തിന്‍റെ മരണം വളരെ വേദനാജനകമാണ്, രാജ് നാഥ് സിംഗ് കുറിച്ചു.
പാര്‍ട്ടി അനുയായികള്‍ക്കിടെ 'നേതാജി' എന്നാണ് മുലായം സിംഗ് യാദവ് അറിയപ്പെട്ടിരുന്നത്. "എന്‍റെ ബഹുമാന്യനായ പിതാവും നിങ്ങളുടെ എല്ലാവരുടെയും 'നേതാജി' ഈ ലോകത്തോട് വിടപറഞ്ഞു, എന്നാണ് നിലവിൽ എസ്പി തലവനും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ട്വീറ്റിലൂടെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...