Mullaperiyar | കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ തുറന്നിട്ടില്ല; സംയുക്ത സമിതി സ്വീകാര്യമല്ലെന്നും തമിഴ്നാട് സുപ്രീംകോടതിയിൽ
മുന്നറിയിപ്പ് നൽകാതെ അണക്കെട്ട് തുറന്നിട്ടില്ലെന്നും കേരളത്തിന് കൃത്യമായ വിവരം നൽകിയിരുന്നുവെന്നും തമിഴ്നാട് വാദിച്ചു.
ന്യൂഡൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച പരാതിയിൽ നൽകിയ മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചത്. മുന്നറിയിപ്പ് നൽകാതെ അണക്കെട്ട് തുറന്നിട്ടില്ലെന്നും കേരളത്തിന് കൃത്യമായ വിവരം നൽകിയിരുന്നുവെന്നും തമിഴ്നാട് വാദിച്ചു.
മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണം. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട് നിലപാടറിയിച്ചു.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല, കേരളത്തിന്റെ ആശങ്കകൾ തമിഴ്നാട് പരിഗണിക്കുന്നില്ല തുടങ്ങിയവ കാര്യങ്ങളാണ് കേരളം സുപ്രീംകോടതിയിൽ ഉന്നയിച്ചത്.
കേസ് ബുധനാഴ്ച പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം ചൂണ്ടികാണിച്ചിരുന്നു.
ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാൻ കേരള തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...