മുംബൈ: മഹാരാഷ്ട്രയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പാലം ഒലിച്ചുപോയി 22 പേരെ കാണാതായ സംഭവത്തില്‍ നാലു സ്ത്രീകളുള്‍പ്പെടെ13 പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തെി. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകട സ്ഥലത്തുനിന്ന് കിലോമീറ്ററുകളോളം ദൂരെനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കണ്ടത്തെിയ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ രണ്ടെണ്ണം ടവേരയില്‍ സഞ്ചരിച്ചവരുടെതാണ്.  സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ രണ്ടു ബസുകളും  ടവേരയുമാണ് നദിയില്‍ ഒലിച്ചുപോയതായി സ്ഥിരീകരണമുള്ളത് . രണ്ട് ബസുകളിലായി 18 യാത്രക്കാരും നാലു ജീവനക്കാരും  ടവേരയില്‍ 10 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.


കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു ഹാഡിലെ മുംബൈ-ഗോവ ദേശീയ പാതയിലെ 88 വര്‍ഷം പഴക്കമുള്ള  പാലം തകര്‍ന്നു വീണത്. പാലത്തിന്‍റെ തൂണുകളില്‍ ഒന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. 


ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ നദിയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടത്തെിയെങ്കിലും ഇവ അപകടത്തില്‍പ്പെട്ടവരുടേതല്ലെന്ന് അധികൃതര്‍ അറിയിച്ചു. പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. 300 കിലോഗ്രാം ഭാരമുള്ള കാന്തത്തിന്‍റെ സഹായത്തോടെയാണ് വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. കാന്തം ഭാരമുള്ള എന്തിലോ തട്ടി നിന്നതിനെത്തുടര്‍ന്ന് വസ്തു ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.


രക്ഷാപ്രവര്‍ത്തനത്തിനിടെ ദേശീയ ദുരിതനിവാരണ സേനയുടെ ബോട്ടുമറിയുകയും ചെയ്തു. നദിയില്‍ വീണ ജവാന്മാരെ ഹെലികോപ്ടറില്‍ രക്ഷിക്കുകയായിരുന്നു. ആര്‍ക്കും പരിക്കുകളില്ല. സംഭവ സ്ഥലത്തുനിന്ന് 150 കിലോമീറ്റര്‍ അകലെ അഞ്ചാര്‍ലെ ബീച്ചിനടുത്തു നിന്നാണ് കാണാതായ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍മാരില്‍ ഒരാളായ ശ്രീകാന്ത് കാംബ്‌ളെയുടെ മൃതദേഹം കണ്ടെടുത്തത്.


അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളടക്കം വന്‍ജനാവലിയാണ് സ്ഥലത്ത് തടിച്ചു കൂടിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് സാവിത്രി നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായത്.സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.