Mumbai Rain: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു; അന്ധേരി സബ്വേയിൽ വെള്ളം കയറി, ജൂൺ ഒമ്പത് വരെ റെഡ് അലർട്ട്
Mumbai Rain: റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ജൂലൈ ഒമ്പത് വരെയും പാൽഘർ, പൂനെ, കോലാപ്പൂർ, സത്താറ എന്നിവിടങ്ങളിൽ ജൂലൈ എട്ട് വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ: മഹാരാഷ്ട്രയിൽ മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈയിലും താനെയിലും അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ജൂലൈ ഒമ്പത് വരെയും പാൽഘർ, പൂനെ, കോലാപ്പൂർ, സത്താറ എന്നിവിടങ്ങളിൽ ജൂലൈ എട്ട് വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലും താനെയിലും ജൂലൈ 10 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ബുധനാഴ്ച വൈകുന്നേരം വരെ ശക്തമായ മഴയാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. ഇതോടെ സീസണിലെ മൊത്തം ലഭിച്ച മഴ 1,000 മില്ലിമീറ്ററിന് അടുത്തായി.
ജൂൺ ഒന്ന് മുതൽ, മുംബൈയിൽ രേഖപ്പെടുത്തിയ ആകെ മഴ 958 മില്ലീമീറ്ററാണ്. ഇത് സീസണിൽ ആവശ്യമായ 2,205 മില്ലിമീറ്റർ മഴയുടെ 43 ശതമാനം ആണ്. ജൂൺ ഒന്ന് മുതൽ ബുധനാഴ്ച വൈകിട്ട് 5.30 വരെ, ഐഎംഡി കൊളാബ ഒബ്സർവേറ്ററി രേഖപ്പെടുത്തിയ ആകെ മഴ 867.4 മില്ലീമീറ്ററും സാന്താക്രൂസിൽ 958 മില്ലീമീറ്ററുമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് നിലനിർത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴ;11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു . വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ . കണ്ണൂരിൽ പലയിടത്തും വെള്ളക്കെട്ടാണ് . വീടുകളിൽ വെള്ളം കയറി.മലയോര മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട് . തൃശൂരിലും കനത്ത മഴയിൽ വ്യാപക കൃഷിനാശമുണ്ടായി . സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട് . മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറി സജീവമായി .
ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ പാത്തിയും നിലനിൽക്കുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത എന്നാണ് മുന്നറിയിപ്പ് . മലയോര മേഖലകളിലും ജാഗ്രതാ നിർദേശം നൽകി . കേരള തീരത്ത് രാത്രി 11.30 വരെ 3.5 മുതല്‍ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം . ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം . കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരണം മാറി താമസിക്കണം . ബോട്ട്,വള്ളം മുതലായവ മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം . വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായകരമാവും .
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും കണ്ണൂരിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു . കണ്ണൂരിൽ CBSE, ICSE സ്കൂളുകൾ, അംഗൻവാടികൾ, മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും . കോളേജുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു . ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ് . CBSE, ICSE കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, നഴ്സറികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും . ഇടുക്കി ജില്ലയിൽ മഴയും,കാറ്റും,മണ്ണിടിച്ചിലും തുടരാൻ സാധ്യതയുണ്ട് . മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റവ്യൂകൾക്കും മാറ്റമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...