ന്യൂഡല്‍ഹി: വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌...


COMMERCIAL BREAK
SCROLL TO CONTINUE READING

വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചിട്ടും മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരുസഹായവും ചെയ്തില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമര്‍ശിച്ചു. കൂടാതെ, പാക്കിസ്ഥാന്‍റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ മുസ്ലീങ്ങള്‍ എതിര്‍ക്കണമായിരുന്നെന്നും യോഗി പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം നടക്കുന്നതിനിടെ യോഗി നടത്തിയ ഈ പ്രസ്താവന വിവാദത്തിന് വഴി തുറന്നിരിയ്ക്കുകയാണ്. കൂടാതെ, ഇദ്ദേഹത്തിന്‍റെ പരാമര്‍ശം ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനെ എത്രമാത്രം ബാധിക്കുമെന്നതും ഒരു ചോദ്യമാണ്.


അതേസമയം, വിവാദ പ്രസ്താവനകള്‍ നടത്തുക എന്നത് യോഗിയെ സംബന്ധിച്ചിടത്തോളം പുതുമയല്ല.


എതിര്‍ക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്നും, ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ഷാഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നുമായിരുന്നു അടുത്തിടെ യോഗി ആദിത്യനാഥ് പറഞ്ഞത്.


കൂടാതെ, അരവിന്ദ് കേജ്​​രിവാളിനെക്കൊണ്ടും ഒവൈസിയെക്കൊണ്ടും ഹനുമാന്‍ ചാലിസാ ചൊല്ലിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.


ഇദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ മുന്നില്‍ക്കണ്ട് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും യോഗിയെ മാറ്റി നിര്‍ത്തണമെന്ന് അം ആദ്മി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.