കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണ്ണാടകക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. നാളെ ഉച്ചക്ക് രണ്ട് മണിക്കുള്ളില്‍ ആറായിരം ക്യൂസെക്സ് വെള്ളം തമിഴ്നാടിന് വിട്ട് നല്‍കണമെന്ന് കര്‍ണ്ണാടകയോട് സുപ്രിം കോടതി ഉത്തരവിട്ടു.  കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സമർപിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. അതിനിടെ കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓക്ടോബര്‍ 1 മുതല്‍ ആറ് വരെ പ്രതിദിനം ആറായിരം ക്യൂസെക്സ് വെള്ളം വിട്ട് നല്‍കാന്‍ സെപ്തംബര്‍ മുപ്പതിന് കര്‍ണ്ണാടകയോട് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതുവരെ  ഉത്തരവ് പാലിക്കാത്തതിനാണ് കർണാടകയ്ക്ക് അന്ത്യശാസനം നൽകിയത്. നാളെ ഉച്ചക്ക് രണ്ട് മണിക്കുള്ളില്‍ വെള്ളം വിട്ട് നല്‍കണം. കൂടാതെ, ഇക്കാര്യം നാളെ കോടതിയെ അറിയിക്കുകയും വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതേസമയം, സുപ്രിം കോടതി വിധി പാലിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണ്ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.


കഴിഞ്ഞ മാസം രണ്ടുതവണ ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നതാണ്. തമിഴ്‌നാടിനു 6000 ക്യുസെക്‌സ് വെള്ളം വിട്ടുകൊടുക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, ഒരുതവണ പോലും കോടതി വിധി അംഗീകരിക്കാൻ കർണാടക തയ്യാറായില്ല. മാത്രമല്ല, അടിയന്തര മന്ത്രിസഭായോഗം ചേർന്ന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ലെന്നു പ്രമേയം പാസാക്കുകയും ചെയ്തു. ഈ പ്രമേയം കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞയാഴ്ച കോടതി തള്ളിയിരുന്നു.


കർണാടക തന്നെ രൂക്ഷമായ ജലപ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തമിഴ്‌നാടിന് ഡിസംബറിലെ വെള്ളം വിട്ടു നല്‍കാനാകുയെന്നാണ് കർണാടക പറഞ്ഞിരുന്നത്. വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് കർണാടകയിൽ വന്‍ സംഘര്‍ഷമുണ്ടായിരുന്നു.


അതിനിടെ കാവേരി റിവര്‍ മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരക്കണമെന്ന നിര്‍ദേശത്തിനെതിരെ കേന്ദ്രം സുപ്രിം കോടതിയെ സമീപിച്ചു. ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ കോടതിക്ക് അധികാരമില്ലെന്നും, ബോര്‍ഡ് രൂപീകരിക്കുന്ന വിഷയം കേന്ദ്രത്തിന്‍റെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി കോടതിയില്‍ പറഞ്ഞു.  കേന്ദ്രത്തിന്‍റെ ഹരജിയില്‍ സുപ്രിം കോടതി നാളെ വാദം കേള്‍ക്കും.