മുട്ടിൽ മരംമുറിക്കേസ്; കേന്ദ്ര വനംമന്ത്രി റിപ്പോർട്ട് തേടി, വിശദമായ അന്വേഷണം വേണമെന്ന് ബിജെപി
വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്
ന്യൂഡൽഹി: മുട്ടിൽ മരംമുറിക്കേസ് കേന്ദ്രം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കേന്ദ്രമന്ത്രി (Union Minister) പ്രകാശ് ജാവദേക്കറിന് നിവേദനം നൽകി. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ കേന്ദ്ര വനം മന്ത്രി ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി. ഈ മാസം 22ന് റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം (Investigation) വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ മരംമുറിക്കേസിൽ അടിയന്തരമായി കേന്ദ്രം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് വി മുരളീധരൻ ആവശ്യപ്പെട്ടത്. ആവശ്യമെങ്കിൽ പിസിസിഎഫ് ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തണം. മരംമുറിക്ക് പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന സംഘം ഉണ്ടെന്നും ബിജെപി ആരോപിച്ചു.
ALSO READ: മുട്ടിൽ മരംമുറിക്കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
സംസ്ഥാനത്തെ മരംമുറിക്കേസിൽ മുൻ വനം-റവന്യൂ വകുപ്പ് മന്ത്രിമാരുടെ പങ്ക് എന്താണെന്ന് കണ്ടെത്തണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവർക്കെതിരെ നടപടിയുണ്ടാകണം. മാഫിയകളെ സഹായിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ ഉത്തരവുകൾ ഇറക്കിത്. നിയമം ലംഘിക്കുന്ന ആളുകൾക്കെതിരെ നടപടി എടുക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സർക്കാരാണ് പിണറായിയുടേത്. മാഫിയകൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് പിണറായിയുടേതെന്ന് ഈ ഉത്തരവുകൾ (Circular) വ്യക്തമാക്കുന്നുവെന്നും വി മുരളീധരൻ ആരോപച്ചു.
സംസ്ഥാനത്തെ മുഴുവൻ ഭാഗങ്ങളിലെയും വിവരങ്ങൾ പുറത്ത് വരേണ്ടതുണ്ട്. ഉദ്യോഗസ്ഥരാണ് തീരുമാനം എടുത്തതെന്ന് പറഞ്ഞ് കൈ കഴുകാനുള്ള നീക്കം വിലപ്പോവില്ല. സർക്കാർ ഉന്നതരുടെ അറിവില്ലാതെ ഇത്തരം ഉത്തരവുകൾ ഇറങ്ങില്ല. തന്റെ ഭരണ കാലത്തല്ല ഇത് നടന്നതെന്ന് ഇപ്പോഴത്തെ മന്ത്രി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്ന് പറഞ്ഞാലും പിണറായി സർക്കാർ തന്നെയാണ് ഭരിച്ചിരുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വി മുരളീധരൻ (V muraleedharan) അറിയിച്ചു.
അതേസമയം, മുട്ടിൽ മരംമുറിക്കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണമാണ് നടത്തുന്നത്. ഇതിൽ തെളിവുകൾ ലഭിച്ചാൽ മാത്രമാണ് അന്വേഷണവുമായി മുന്നോട്ട് പോകുക. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ പരാതിയിൽ പൊലീസും വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ മരംമുറിക്കേസ് അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗിനാണ് മേൽനോട്ട ചുമതല. ഏതൊക്കെ രീതിയിലുള്ള ക്രമക്കേട് നടന്നെന്നും എത്ര മരങ്ങൾ മുറിച്ചുമാറ്റിയെന്നുമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തും.
റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ വൻ കൊള്ള നടന്നതായാണ് ആരോപണം. ഇത് സംബന്ധിച്ച് കൂടുതൽ ആരോപണങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെച്ച് മുൻ മന്ത്രി കെ.രാജുവിന് അറിവുണ്ടായിരുന്നതായി ആരോപണം ഉയർന്നിരിക്കുകയാണ്. കേസിലെ പ്രതി റോജി അഗസ്റ്റിന്റെ സുഹൃത്തും വയനാട് ടിംബർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹിയും കൂടിയായ ബെന്നിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തടഞ്ഞില്ലെങ്കിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബെന്നി വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...