ലക്നോ: മുസാഫര്‍ നഗറിലും ഷാംലിയിലും 2013ല്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട 131 കേസുകള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഇതില്‍ 13 കൊലപാതകക്കേസുകളും 11 വധശ്രമക്കേസുകളും ഉള്‍പ്പെടും. സര്‍ക്കാര്‍ തലത്തില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്‍വലിക്കുന്ന 16 കേസുകള്‍ മതസ്പര്‍ദ്ധ പടര്‍ത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ 153 എ പ്രകാരമുള്ളതാണ്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനുള്ള കേസുകളും പിന്‍വലിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏഴ് വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന ഹീനമായ കുട്ടാകൃത്യങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്.


2013 സെപ്റ്റംബറില്‍ നടന്ന കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആക്രമസംഭവത്തിനു പിന്നാലെ 1455 പേര്‍ക്കെതിരെ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.