ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റായ്ബറേലി സന്ദര്‍ശിക്കും. സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാകും ഇന്നത്തേത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1,100 കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കാണു റായ്ബറേലിയില്‍ പ്രധാനമന്ത്രി തുടക്കമിടുക. അലഹബാദിലെത്തി കുംഭമേളയുടെ ഒരുക്കങ്ങളും വിലയിരുത്തും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി കേന്ദ്രീകരിച്ചും കേന്ദ്രസര്‍ക്കാര്‍ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. 


അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ‘ശംഖനാദ’മായാണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ബിജെപി വിശേഷിപ്പിക്കുന്നത്. എന്നാല്‍ മോദിയുടെ സന്ദര്‍ശനം ആശങ്കയോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്.


ഹിന്ദിമേഖലാ സംസ്ഥാനങ്ങളില്‍ ഉന്നതവിജയം നേടുന്നതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ എതിരാളിയുടെ തട്ടകം സന്ദര്‍ശിച്ചു കോണ്‍ഗ്രസ്മുക്ത കാഹളം മുഴക്കുക എന്നതായിരുന്നു ബിജെപിയുടെ ആദ്യ പദ്ധതി. മൂന്നിടത്തും തോറ്റതോടെ കഥാഗതിയിലുണ്ടായ മാറ്റം പ്രധാനമന്ത്രിയുടെ ശൈലിയിലും പ്രതീക്ഷിക്കാം.


നെഹ്‌റു കുടുംബത്തിനെതിരെ പ്രചാരണകാലത്തു മോദി നടത്തിയ ചില പരാമര്‍ശങ്ങള്‍ അതിരുവിട്ടെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. കഴിഞ്ഞ തവണ യുപിയില്‍ 80ല്‍ 71 സീറ്റു നേടിയാണു പാര്‍ട്ടി കേന്ദ്രഭരണം ഉറപ്പിച്ചത്. അന്നു റായ്ബറേലിയിലും അമേഠിയിലും (രാഹുല്‍ ഗാന്ധി) ഒതുങ്ങിപ്പോയ കോണ്‍ഗ്രസിനെ അവിടെത്തന്നെ തളച്ചിടുന്നതും യുക്തിസഹമായ രാഷ്ട്രീയതന്ത്രം.


റഫേല്‍ ഇടപാടില്‍ രാജ്യത്തെ ജനങ്ങളെയും,സര്‍ക്കാരിനെയും,സൈനികരെയും ഒന്നടങ്കം അവഹേളിച്ച രാഹുല്‍ ഗാന്ധിയ്ക്കും, കോണ്‍ഗ്രസിനുമുള്ള മറുപടിയും മോദി റായ്ബറേലിയില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതേസമയം, രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനിടെ വിധവാ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് മഹിളാ കോണ്‍ഗ്രസിന്‍റെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ കരിങ്കൊടി കാണിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.