ബെംഗളൂരു: പ്രമുഖ മാദ്ധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ പ്രതിഷേധിച്ച് തന്‍റെ ദേശീയ പുരസ്‌കാരം തിരിച്ചു നൽകുകയാണെന്ന് സിനിമാതാരം പ്രകാശ് രാജ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡി.വൈ.എഫ്.ഐയുടെ പതിനൊന്നാം സംസ്ഥാന സമ്മേളനം ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നേക്കാൾ വലിയ നടനാണെന്നും അതിനേക്കാള്‍ വലിയ നടനാണ്‌ ഉത്തര്‍പ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥ് എന്നും പ്രകാശ് രാജ് പറഞ്ഞു.


ഗൗരിയെ കൊലപ്പെടുത്തിയവർ ഒരുപക്ഷേ പിടിക്കപ്പെടാം, അല്ലെങ്കില്‍ പിടിക്കപ്പെടാതിരിക്കാം. അവരുടെ കൊലപാതകത്തിൽ സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിക്കുന്നവരുടെ പ്രത്യയശാസ്ത്രം എന്തെന്നും നമുക്കറിയാം. 


ഇത്തരം സംഭവങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന ഒരു പ്രധാനമന്ത്രിയാണ് ഇപ്പോള്‍ നമുക്കുള്ളത്. ഗൗരിയുടെ മരണത്തെ ആഘോഷിക്കുന്നവരിൽ പലരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്നുണ്ട്. അതാണ് തന്‍റെ ആശങ്കയെന്നും പ്രകാശ് രാജ് പറഞ്ഞു.


ഗൗരിയുടെ അച്ഛൻ, ലങ്കേഷ്, ഞങ്ങളുടെ ഉപദേശകനും ഗുരുവും ആയിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വിദ്യാർത്ഥികളായിരുന്നു, കഴിഞ്ഞ 35 വർഷമായി എനിക്ക് ഗൗരിയെ അറിയാം... ഗൗരിയുടെ മരണശേഷം പ്രകാശ്‌ രാജ് റിപ്പബ്ലിക്ക് ടിവിയ്ക്ക് നല്കിയ സംഭാഷണത്തില്‍ പറയുന്നു.


ഗൗരി ലങ്കേഷ്, ഡി. ആർ നാഗരാജ്, യു. ആർ അനന്തമൂർത്തി തുടങ്ങിയവരുടെ ശബ്ദങ്ങൾക്ക് മേല്‍ കൂടുതൽ അസഹിഷ്ണുതകളാണ് അടുത്തിടെ ഉണ്ടായത്. ഇതില്‍ നിന്നൊക്കെ നമ്മൾ എവിടേക്കാണ് പോകുന്നതെന്നും ചിന്തിക്കണം. പ്രകാശ് രാജ് സൂചിപ്പിച്ചു.


തന്‍റെ ഇതുവരെയുള്ള ചലച്ചിത്ര ജീവിതത്തില്‍ അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് പ്രകാശ് രാജ് നേടിയത്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ഇരുവര്‍ (തമിഴ്, 1997), സ്പെഷ്യല്‍ ജൂറി പുരസ്കാരം ആന്തപുരം (തെലുങ്ക് 1999), വിവിധഭാഷകളിലായി പ്രത്യേക ജൂറി പുരസ്കാരം (2003), മികച്ച നടനുള്ള ദേശീയ പുരസ്കാരം കാഞ്ചീവരം (തമിഴ്, 2007), മികച്ച ചിത്രത്തിനുള്ള പുരസ്കാരം പുട്ടക്കാന ഹൈവേ (കന്നഡ, 2010) എന്നിവയാണ് പ്രകാശ്‌ രാജിനെ ദേശീയതലത്തില്‍ എത്തിച്ച ചിത്രങ്ങള്‍.