ശ്രീനഗര്‍:  ജമ്മു  കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ  കേന്ദ്ര സര്‍ക്കാര്‍ നടപടി ഒരു വര്‍ഷം പിന്നിടുന്ന അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി  നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള...


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍ക്കും ഇനി ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ല, കേന്ദ്ര സര്‍ക്കാര്‍ കള്ളം പറയാത്ത ഒറ്റദിവസം പോലുമില്ല,  ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. ഇത് ഗാന്ധിയുടെ ഇന്ത്യ അല്ലെന്നും ഫാറൂഖ് അബ്ദുള്ള  പറഞ്ഞു.  രാജ്യത്തോടൊപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. എന്നിട്ടും തടവിലാക്കിയത് വിചിത്രമായി തോന്നി. തടവിലായതോടെ നേത്രരോഗ വിദഗ്ധനെ കാണാന്‍ പോലും അപേക്ഷിക്കേണ്ടിവന്നു. ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് തൊട്ടുമുന്‍പുള്ള ദിവസത്തെപ്പറ്റിയും  അദ്ദേഹം പരാമര്‍ശിച്ചു. ജമ്മു-കശ്മീരിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിന് ഒരു ദിവസം മുന്‍പ് താന്‍ പ്രധാനമന്ത്രിയെ കണ്ടുസംസാരിച്ചിരുന്നെന്നും എന്നാല്‍ അപ്പോഴൊന്നും ഇക്കാര്യത്തെ കുറിച്ച്‌ ചെറിയൊരു സൂചനപോലും പ്രധാനമന്ത്രി തനിക്ക് നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്ത ദിവസം പെട്ടെന്ന് കുറേയധികം സൈന്യം കശ്മീരിലെത്തുകയും അമര്‍നാഥ് യാത്ര റദ്ദ് ചെയ്യുകയും വിനോദ സഞ്ചാരികളെ കശ്മീരിന് പുറത്താക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 


ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്താനും യഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും പ്രധാനമന്ത്രിയോട് താന്‍ വീനിതമായി ആവശ്യപ്പെടുകയാണെന്ന് പറഞ്ഞ അദ്ദേഹം  മോദി ചെയ്യുന്ന കാര്യങ്ങള്‍  തെറ്റാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും   കൂട്ടിച്ചേര്‍ത്തു. 


ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന നടപടി യുമായി ബന്ധപ്പെട്ട് 83കാരനായ ഫാറൂഖ് അബ്ദുള്ളയെ  8 മാസത്തോളം വീട്ടു തടങ്കലില്‍ ആക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹത്തെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5ന് മകന്‍ ഒമര്‍ അബ്ദുള്ള ,  പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നിരവധി പ്രാദേശിക നേതാക്കളോടൊപ്പം  ഫാറൂഖ് അബ്ദുള്ളയെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു. 


അതേസമയം, ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടി നേതാക്കളുമായി ഫാറൂഖ്  അബ്ദുള്ള കൂടികാഴ്ച നടത്തി.  പാര്‍ട്ടി നേതാക്കളുടെ രണ്ടാം ഘട്ട മീറ്റിംഗ്  വെള്ളിയാഴ്ച ഫാറൂഖ് അബ്ദുള്ളയുടെ  വസതിയിലാണ്  നടന്നത്.