നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസ്;സോണിയാ ഗാന്ധിയെ രണ്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി
സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു
ഡൽഹി:നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഈ.ഡി ചോദ്യം ചെയ്തു. ഡൽഹി ഈ.ഡി ആസ്ഥാനത്ത് രണ്ടര മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. സോണിയയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സോണിയയും രാഹുലും ഡയറക്ടർമാരായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അനാരോഗ്യം പരിഗണിച്ച് വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ED ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും ഓഫീസിൽ നേരിട്ട് ഹാജരാകാമെന്ന് സോണിയ പറയുകയായിരുന്നു. കഴിഞ്ഞമാസം 12 മുതൽ പല തവണ ഹാജരാവാൻ നോട്ടീസ് നൽകിയെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സോണിയ തീയതി നീട്ടി വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ AICC ആസ്ഥാനത്ത് വലിയ പ്രതിഷേധം സൃഷ്ടിച്ചു.
പ്രതിഷേധിച്ച നേതാക്കൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പാർലമെന്റിൽ കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമർത്തുകയാണെന്ന് കാട്ടി പ്രതിപക്ഷം പാർലമെന്റിൽ സംയുക്ത പ്രസ്താവനയും ഇറക്കി.
കേരളത്തിൽ കോണ്ഗ്രസ്സിന്റെ ശത്രുക്കളായ സിപിഎം, സിപിഐ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ കോണ്ഗ്രെസ്സിനൊപ്പം ഒപ്പുവച്ചു. കള്ളപ്പണ കേസിൽ രാഹുൽ ഗാന്ധിയെ 5 ദിവസങ്ങളിലായി 54 മണിക്കൂറിലേറെ ED ചോദ്യം ചെയ്തിരുന്നു. രാഹുലിൽ നിന്ന് നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...