ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: മാധ്യമപ്രവര്‍ത്തകനടക്കം 3 പേര് കൊല്ലപ്പെട്ടു
ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ദൂരദര്‍ശന്‍ മാധ്യമ സംഘത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ക്യാമറാമാനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ പൊലീസുകാരാണ്. കൂടാതെ, രണ്ട് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ദണ്ഡേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ദൂരദര്‍ശന്‍ മാധ്യമ സംഘത്തിനു നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ക്യാമറാമാനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ പൊലീസുകാരാണ്. കൂടാതെ, രണ്ട് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി ദൂരദര്‍ശനില്‍നിന്നും വാര്‍ത്താശേഖരണത്തിന് പോയ റിപ്പോര്‍ട്ടറും ക്യാമറാമാനും അടക്കമുള്ള സംഘത്തിന് നേരെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാധ്യമസംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്.
അച്യുതാനന്ദ സാഹു എന്ന ക്യാമറാമാന്‍ ആണ് കൊല്ലപ്പെട്ടത്. ക്യാമറാമാന്‍റെ നിര്യാണത്തില്‍ കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് അനുശോചിച്ചു.
മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണങ്ങള്‍ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണോ എന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് മേധാവി പറഞ്ഞു.
ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ തുടര്‍ച്ചയായി നക്‌സല്‍ ആക്രമണം ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.