NEET PG Exam 2024: നീറ്റ് പിജി പരീക്ഷ മാറ്റി; നടപടി ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ, ഖേദം പ്രകടിപ്പിച്ച് കേന്ദ്രം
പരീക്ഷ മാറ്റിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും.
ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. ഇന്നലെ രാത്രി വൈകിയാണ് പരീക്ഷ മാറ്റവച്ചുവെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. നീറ്റ് പിജി പരീക്ഷയിലും ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. പരീക്ഷ മാറ്റിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടര്‍ ജനറൽ സുബോധ് കുമാര്‍ സിങിനെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ പ്രദീപ് സിങ് കരോളയ്ക്കാണ് പകരം ചുമതല നൽകിയത്. പ്രദീപ് സിങിനെ താത്കാലിക ചുമതലയിലാണ് നിയമിച്ചത്. ഉടൻ പുതിയ എൻടിഎ ഡയറക്ടര്‍ ജനറലിനെ നിയമിക്കുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം നീറ്റ് യുജി പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ സമ്പ്രദായത്തിൻ്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
Also Read: NEET UG Exam 2024: നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച നടന്നതിൽ സിബിഐ അന്വേഷണം തുടരുകയാണ്. നിലവിൽ ബീഹാർ പൊലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നത്. കേസിലെ മുഖ്യകണ്ണിയായ സഞ്ജീവ് മൂഖിയക്കായി ബിഹാർ പോലീസ് തെരച്ചിലിലാണ്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവായത്. സഞ്ജീവ് മൂഖിയയുടെ മകൻ നിലവിൽ ജയിലിലാണ്. ബീഹാർ പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലായത്. സഞ്ജീവിൻ്റ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ജാർഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തെളിവായി കണ്ടെത്തിയ കത്തിച്ച ചോദ്യപേപ്പറിൽ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർത്ഥികൾക്കായുള്ള പുനപ്പരീക്ഷ ഇന്ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy