സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് LTC സ്‌കീം, സംസ്ഥാനങ്ങള്‍ക്ക് 12,000 കോടിയുടെ വായ്പ, വമ്പന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍
കോവിഡ് (COVID-19) വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും, രാജ്യത്തെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ നടപടികള്‍ കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍.....
New Delhi: കോവിഡ് (COVID-19) വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും, രാജ്യത്തെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ നടപടികള്‍ കൈക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍.....
സാമ്പത്തിക മേഘലയ്ക്ക് സമഗ്ര ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ ധനകാര്യ വകുപ്പ് മന്ത്രി (Finance Minister) നിര്‍മല സീതാരാമന്‍ (Nirmla Sitharaman) ആണ് അവതരിപ്പിച്ചത്.
പദ്ധതിയുടെ ഭാഗമായി കൂടുതല്‍ തുക വിപണിയിലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് ട്രാവല്‍ കണ്‍സെഷന്‍- എല്‍ ടി സി) (Leave Travel Concession - LTC) കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കും. 5,675 കോടി രൂപ ഇതിനായി വകയിരുത്തും. പൊതു മേഖലാ ബേങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ ടി സി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപനീക്കിവെക്കും.
കൂടാതെ, മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായും ധനമന്ത്രി പറഞ്ഞു. 50 വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടക്കേണ്ടത്. ഇതില്‍ 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപ വീതവുമാണ് നല്‍കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.
യാത്രകള്‍ക്ക് എല്‍ ടി സി ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാതെ തന്നെ പ്രസ്തുത തുകക്ക് തുല്യമായ പണം ലഭിക്കും. അവര്‍ക്ക് ഇഷ്ടമുള്ളവ വാങ്ങുന്നതിന് ഈ അലവന്‍സ് ഉപയോഗിക്കാം. 12% ജി എസ് ടിയോ അതില്‍ കൂടുതലോ ആകര്‍ഷിക്കുന്ന സാധനങ്ങള്‍ വാങ്ങുന്നതിനാണ് വ്യവസ്ഥ ബാധകമാവുക.
ചെലവാക്കല്‍ ഡിജിറ്റല്‍ മോഡ് വഴി മാത്രമേ ചെയ്യാവൂ. നാലുവര്‍ഷം ഒരു ബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് എല്‍ ടി സിഅനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി എയുമാകും നല്‍കുക. ടിക്കറ്റ് തുകയുടെ മൂന്നിരട്ടി വരെയാകും ലീവ് എന്‍കാഷ്മെന്‍റായി നല്‍കുക. ഈ തുകക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങള്‍ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. പ്രത്യേക ഫെസ്റ്റിവല്‍ അഡ്വാന്‍സ് സ്‌കീമിന് കീഴില്‍ 10,000 രൂപ പലിശ രഹിത അഡ്വാന്‍സായി ജീവനക്കാര്‍ക്ക് നല്‍കും. ഇത് 10 തവണകളായി തിരികെ നല്‍കിയാല്‍ മതി.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യം കരകയറുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതായും ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.