Chennai: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട "നിവാര്‍"  ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കരയില്‍ കടക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

"നിവാര്‍"  (Nivar) ചുഴലിക്കാറ്റ് അടുത്ത 6 മണിക്കൂര്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും പിന്നീട് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റ് വളരെ ശക്തമായ ചുഴലി കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 


"നിവാര്‍"  ചുഴലിക്കാറ്റ്  (Nivar Cyclone) കരയിലേക്ക് പ്രവേശിക്കുമ്പോൾ 120മുതൽ 140കിലോമീറ്റർവരെ വേഗമുണ്ടാകും. ചെന്നൈയുടെ സമീപപ്രദേശമായ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാണ് കാറ്റ് കരയിൽ  കടക്കുക. പുതുച്ചേരി അടക്കം ഈഭാഗത്തെ 200 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയാകും കാറ്റ് കൂടുതലായി ബാധിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.



ആന്ധ്രാപ്രദേശിന്‍റെ തെക്കന്‍മേഖലമുതല്‍ തൂത്തുക്കുടിവരെ കാറ്റിന്‍റെ സ്വാധീനമുണ്ടാകും. പലഭാഗത്തും 80മുതല്‍ 100കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.


അതേസമയം, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 1,200 ഓളം ദേശീയ ദുരന്ത നിവാരണ (NDRF) രക്ഷാപ്രവര്‍ത്തകരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.  ദുരന്തസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ദുരന്തനിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. 



തമിഴ്നാട്ടില്‍ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍നിന്ന് തെക്കന്‍ ജില്ലകളിലേക്കുള്ള 24 തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. ഏഴു ജില്ലകളില്‍ പൊതുഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെന്നൈയില്‍ ബുധനാഴ്ച രാവിലെ പത്തുമുതലുള്ള സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി.


ചെന്നൈയിൽ കാശിമേട്, മറീന, പട്ടിനപ്പാക്കം തുടങ്ങിയ പ്രദേശങ്ങിൽ കഴിഞ്ഞ ദിവസംമുതല്‍ കടലേറ്റം ശക്തമായിരുന്നു. രണ്ടുമീറ്റർ ഉയരത്തിൽവരെ തിരമാലകൾ ഉയർന്നു. കടലോര ജില്ലകളിലെ വെള്ളംകയറാൻ സാധ്യതയുള്ള നാലായിരത്തിലധികം പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാരോട് പ്രത്യേക ശ്രദ്ധചെലുത്താൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്  എന്ന്  മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി (Edappadi Palanisamy) പറഞ്ഞു. ബുധനാഴ്ച ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. 


Also read: Nivar Cyclone: "നിവാര്‍" ചുഴലിക്കാറ്റ് തീരത്തേക്ക്, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത


മരങ്ങൾ കടപുഴകിവീഴാനും വൈദ്യുതിക്കമ്പികൾ പൊട്ടിവീഴാനും സാധ്യതയുള്ളതിനാല്‍  കാറ്റുവീശുമ്പോൾ വൈദ്യുതി വിച്ഛേദിക്കുമെന്ന്  വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. 


Also read: Nivar Cyclone: സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി


പുതുച്ചേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.


"നിവാര്‍" ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങളില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  


ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കായി ചെന്നൈയില്‍ നിന്ന് 7 കിലോ മീറ്റര്‍ അകലെ 21നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.