മഹാരാജ്ഗഞ്ച്: നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്നിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തമാണ് ഹാഡ്‌വര്‍ക്ക്(പരിശ്രമം)’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസറാണ് അമര്‍ത്യാ സെന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ട് നിരോധനത്തെ കുറിച്ച് ഒരേസമയം ഹാര്‍വാര്‍ഡിലെ ആളുകള്‍ പറയുന്നതു പോലെയും മറുഭാഗത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തിയ പാവപ്പെട്ടവന്‍റെ മകനെപോലെയുമാണ് സംസാരിക്കുന്നത്. 


നോട്ട് നിരോധനത്തെ ബുദ്ധിശൂന്യവും മനുഷ്യത്വരഹിതവുമെന്നായിരുന്നു അമര്‍ത്യാസെന്‍ വിമര്‍ശിച്ചത്. തീരുമാനം കുറഞ്ഞനേട്ടവും കൂടുതല്‍ ബുദ്ധിമുട്ടും സമ്മാനിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഇതിന്‍റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതു പോലെ ഞാനും പിന്തുണയ്ക്കുന്നു. പക്ഷെ, നടപ്പാക്കിയ രീതി പാളിയെന്നും അമര്‍ത്യാ സെന്‍ പറഞ്ഞിരുന്നു.



അതേസമയം, കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലെ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചുകഴിഞ്ഞതാണെന്നും ഇനിയുള്ള രണ്ടു ഘട്ടങ്ങള്‍ അധികവോട്ട് നേടുന്നതിനു മാത്രമുള്ളതാണെന്നും മോദി അവകാശപ്പെട്ടു. ഈ രണ്ടു ഘട്ടങ്ങളിലെ വോട്ടുകള്‍ പാര്‍ട്ടിക്ക് ബോണസ് ആയി നല്‍കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. പച്ചക്കറികള്‍ വാങ്ങുന്നവര്‍ക്ക് മുളകും കറിവേപ്പിലയും കച്ചവടക്കാര്‍ സൗജന്യമായി നല്‍കുന്നതു പോലെയാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.