റായ്ബറേലി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ഉത്തര്‍പ്രദേശിലെ ഊഞ്ചഹാറിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്‍റിലെ സ്ഫോടനത്തില്‍ മരച്ചവരുടെ എണ്ണം 12 ആയി. ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുതരമായി പരിക്കേറ്റവരെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി അറിയിച്ചു. അന്‍പതോളം ആംബുലന്‍സുകള്‍ അടിയന്തരാവശ്യങ്ങള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


സംഭവത്തെക്കുറിച്ച് ഉന്നതതലസംഘം അന്വേഷിക്കും. 


ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. പ്ലാന്‍റിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ബോയിലറിന്‍റെ അന്തര്‍ഭാഗത്ത് സമ്മര്‍ദ്ദം വര്‍ധിച്ചതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 


ഫിറോസ് ഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന പവര്‍ പ്ലാന്‍റ് കല്‍ക്കരി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 1988ലാണ് പ്ലാന്‍റ് സ്ഥാപിക്കപ്പെട്ടത്. 210 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള അഞ്ച് യൂണിറ്റുകളാണ് പ്ലാന്‍റില്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് പ്ലാന്‍റ് താല്‍ക്കാലികമായി അടച്ചു.