Odisha Train Accident: ഒഡീഷ ട്രെയിൻ ദുരന്തം; ഇനിയും 82 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ
അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.
ഒഡീഷയിലെ ട്രെയിൻ അപകടം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും 82 മൃതദേഹങ്ങൽ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ജൂൺ 2ന് നടന്ന അപകടത്തിൽ 275 പേരാണ് മരിച്ചത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈമാറി. ഡിഎൻഎ ഫലത്തിനായി കാത്തിരിക്കുകയാണ് പലരും ഇപ്പോഴും.
അതേസമയം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ അവരുടെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾക്കായി ഭുവനേശ്വറിലെ എയിംസിൽ കാത്തിരിക്കുകയാണ്. ചില മൃതദേഹങ്ങൾക്ക് ഒന്നിലധികം അവകാശികൾ എത്തുന്നുണ്ട്. മൃതദേഹങ്ങൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. രണ്ട്, മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞാലെ ഡിഎൻഎ റിപ്പോർട്ടുകൾ ലഭ്യമാകുകയുള്ളൂ. മരിച്ചവരുടെയും അവരുടെ ബന്ധുക്കൾ എന്ന് പറഞ്ഞെത്തിയവരുടെയും ഡിഎൻഎ സാമ്പിൾ ക്രോസ് വെരിഫിക്കേഷനായി ഡൽഹി എയിംസിലേക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മൃതദേഹങ്ങൾ യഥാർത്ഥ അവകാശികൾക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, തന്റെ മകന്റെ മൃതദേഹം ബിഹാറിലെ മറ്റ് ചിലർക്ക് കൈമാറിയതായി പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരാൾ ആരോപിച്ചു. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...